National
എ.ബി.വി.പി സ്ഥാപക നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കണം; കോളജുകള്‍ക്ക് യു.ജി.സി നിര്‍ദേശം
യു.ജി.സി നിര്‍ദേശത്തിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി.
മുംബൈ| എ.ബി.വി.പി സ്ഥാപക നേതാവ് ദത്താജി ഡിഡോല്‍ക്കറുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും യു.ജി.സിയുടെ നിര്‍ദേശം. മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നല്‍കിയത്.
ദത്താജി ഡിഡോല്‍ക്കല്‍ ഇന്ത്യയിലെ ആയിരക്കണത്തിന് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രചോദനമായിരുന്നു. നിരവധി സാമൂഹിക സംഘടനകളുടെ സ്ഥാപകനായിരുന്നു. ഈ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമായി ആഘോഷിക്കുന്നതിനാല്‍ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും ഈ പരിപാടികളില്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കുന്നതിന് മഹാരാഷ്ട്രയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നുമാണ് യു.ജി.സി കത്തില്‍ പറയുന്നത്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി നിര്‍ദേശം. ജന്മശതാബ്ദിയുടെ ഭാഗമായി സുവനീര്‍ പ്രസിദ്ധീകരിക്കുമെന്നും ഗഡ്കരി പറഞ്ഞു.യു.ജി.സി നിര്‍ദേശത്തിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. യു.ജി.സി നിര്‍ദേശം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേനയുടെ യുവജന വിഭാഗം നേതാവായ പ്രദീപ് സാവന്ത് ആവശ്യപ്പെട്ടു.
ജന്മശതാബ്ദി ആഘോഷിക്കുന്നതിന് തങ്ങള്‍ എതിരല്ല. അത് ആര്‍.എസ്.എസിന്റെ സ്വന്തം ചെലവിലാണ് നടത്തേണ്ടത്. കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും പ്രദീപ് സാവന്ത് വ്യക്തമാക്കി.