Kerala
എ സി മൊയ്തീൻ ഇ ഡിക്ക് മുമ്പാകെ ഹാജരാകേണ്ടത് ഇന്ന്
നാളെ പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുമ്പാകെ ഹാജരായേക്കില്ല.
കൊച്ചി | കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുമ്പാകെ സി പി എം നേതാവ് എ സി മൊയതീൻ എം എൽ എ ഹാജരാകേണ്ടത് ഇന്ന്. നേരത്തേ ആഗസ്റ്റ് 31ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും അന്ന് ഹാജരാകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, നാളെ പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുമ്പാകെ ഹാജരായേക്കില്ല.
മുതിർന്ന സി പി എം നേതാക്കളിലൊരാളായ മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുമ്പാകെ ഹാജരാകുന്നത് പ്രതിപക്ഷം മുതലെടുക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് സി പി എമ്മിന്. എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി കഴിഞ്ഞയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇതിൽ ചില രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ എ സി മൊയ്തീന്റെ ബേങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമാണ് മരവിപ്പിച്ചത്. മുൻ മന്ത്രി കൂടിയായ എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് ബിനാമി ഇടപാടുകള്‍ നടന്നതെന്നാണ് ഇ ഡിയുടെ വാദം. നേരത്തേ കേസിലെ മറ്റു പ്രതികളുടെ വീടുകളിലും ഇ ഡി സംഘം റെയ്ഡ് നടത്തിയിരുന്നു. കേസിൽ 15 കോടി രൂപ വിലമതിക്കുന്ന 36 വസ്തുവകകൾ കണ്ടുകെട്ടിയതായി ഇ ഡി അറിയിച്ചിരുന്നു.