Connect with us

enforcement directorate

എ സി മൊയ്തീനും കെ സുധാകരനും ഇന്ന് ഇ ഡിക്ക് മുന്നിൽ

കരുവന്നൂർ ബേങ്ക് തട്ടിപ്പ് കേസിലാണ് എ സി മൊയ്തീൻ ഹാജരാകുക. കെ സുധാകരൻ ഹാജരാകുന്നത് പുരാവസ്തു തട്ടിപ്പ് കേസിൽ

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവ് എ സി മൊയ്തീന്‍ എം എല്‍ എയും പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടേറ്റിന് (ഇ ഡി) മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് ഇന്ന് രാവിലെ എ സി മൊയ്തീന്‍ ഹാജരാവുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുന്ന വേളയിലാണ് എ സി മൊയ്തീന്‍ ഇഡിക്ക് മുമ്പിലെത്തുന്നത്.

നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണെങ്കിലും ഇ ഡിക്ക് മുന്നിലെത്തുമെന്നും ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുമെന്നും മൊയ്തീന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ആഗസ്റ്റ് 31നും സെപ്തംബര്‍ നാലിനും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാണിച്ച് എ സി മൊയ്തീന്‍ ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.

രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് വിട്ടുനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് 11ന് ഹാജരാകണമെന്ന് ഇ ഡി മൂന്നാം നോട്ടീസ് നല്‍കിയത്. ചോദ്യംചെയ്യലിന് ഹാജരാവാന്‍ സാക്ഷികള്‍ക്ക് നല്‍കുന്ന നോട്ടീസാണ് മൊയ്തീന് നല്‍കിയിട്ടുള്ളത്.

രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെ സുധാകരന് നോട്ടീസ് നല്‍കിയത്. അഞ്ച് വര്‍ഷത്തെ ബേങ്ക് ഇടപാട് വിവരങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ ഇ ഡി സുധാകരനോട് ആവശ്യപ്പെട്ടിരുന്നു.
വ്യാജപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ടു സുധാകനെ ആഗസ്റ്റ് 22ന് ഇ ഡി വിശദമായി ചോദ്യം ചെയ്തിരുന്നു.

Latest