Travelogue
കംബോഡിയയിലെ ഉച്ചാരണ വ്യതിയാനങ്ങൾ
അങ്കോർ വാട്ടിലെ മണ്ഡപങ്ങളുടെയും സ്തൂപങ്ങളുടെയും സമാനമായുള്ള ഒരുപാട് സ്തൂപങ്ങളും മണ്ഡപങ്ങളും കേപിലൂടെയുള്ള യാത്രയിൽ കാണാൻ കഴിയുന്നുണ്ട്. ഓരോ പാതകളുടെ അവസാന ഭാഗത്തും ഇത്തരത്തിലുള്ള ഖെമർ വാസ്തുവിദ്യയിലുള്ള ഈ സ്തൂപങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നാല് ഭാഗത്ത് നിന്നും നടന്നു കൊണ്ട് ആ മണ്ഡപത്തിന്റെ മധ്യ ഭാഗത്തേക്ക് കയറാനുള്ള സ്‌റ്റെപ്പുകൾ ഉണ്ട്.
ഉച്ചയോടെ ഒഴിഞ്ഞ ഭൂമിയിലേക്ക് സുനി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. നാട്ടിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ ബലി അറുക്കാൻ വേണ്ടി പണം തന്നേൽപ്പിച്ച ആളുകളെ പ്രതിനിധീകരിച്ചു കർമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പത്തിലധികം ആടുകളും കുറച്ച് മാടുകളുമാണുള്ളത്. വക്കാലത്ത് ഏൽപ്പിക്കപ്പെട്ടതുകൊണ്ട് തന്നെ കർമം നിർവഹിച്ച ഉടൻ പണം തന്ന ആളുകളെ അറിയിക്കുകയും വേണം. എങ്കിൽ മാത്രമേ അനുവദനീയമായ പല കാര്യങ്ങളിലേക്കും അവർക്ക് വ്യാപൃതരാകാൻ കഴിയുകയുള്ളൂ. വളരെ വേഗത്തിൽ തന്നെ ആവശ്യമായ കർമങ്ങൾ നിർവഹിച്ചു എല്ലാവരെയും വിവരം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം അങ്കോർ വാട്ട് കംബോഡിയയിലാണ് സ്ഥിതി ചെയ്യുന്നത്. കംബോഡിയയുടെ വടക്ക് പടിഞ്ഞാറൻ പട്ടണമായ സിയെം റീപിനോട് ചേർന്നാണ് ഇത് നിർമിക്കപ്പെട്ടിട്ടുള്ളത്. ചെറുപ്പ കാലം മുതലേ പൊതു വിജ്ഞാന സമ്പാദനത്തിലൂടെ നമ്മുടെ കാതുകളിൽ കുടിയേറിയ ഒരു പദമാണ് അങ്കോർ വാട്ട്. ക്ഷേത്രത്തിന്റെ ചിത്രവും വലുപ്പവും അത് കംബോഡിയ എന്ന രാജ്യത്തിന് സാമ്പത്തികമായും സാംസ്‌കാരികമായും നൽകുന്ന സംഭാവനകളെക്കുറിച്ചും നല്ല ധാരണയുണ്ട്. ഒരു വർഷം ശരാശരി രണ്ട് മില്യണിലധികം വിനോദ സഞ്ചാരികളെ ആ പൈതൃക ക്ഷേത്ര സമുച്ചയത്തിലേക്ക് ആകർഷിക്കുന്നുണ്ട്. ഇന്ത്യൻ പുരാതന മിത്തുകളുടെയും ക്ഷേത്ര സങ്കൽപ്പങ്ങളുടെയും ആധാരത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സൂര്യവർമൻ രണ്ടാമൻ എന്ന ഖെമർ രാജാവിന്റെ കാലത്താണ് ഈ ക്ഷേത്രത്തിന്റെ നിർമാണം ഉണ്ടായിട്ടുള്ളത്. കംബോഡിയയുടെ ഔദ്യോഗിക പതാകയിലും ചിഹ്നങ്ങളിലും അങ്കോർ വാട്ടിന് ഇടമുണ്ട്. ഇരുന്നൂറിലധികം ഏക്കറിലായി പരന്നു കിടക്കുന്ന വലിയൊരു ഭൂപ്രദേശത്തെ ഒരുപാട് കെട്ടിടങ്ങൾ കൂടിയതാണ് അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയങ്ങൾ. അതിൽ ഗോപുരങ്ങൾ, മണ്ഡപങ്ങൾ, കൊത്തുപണികൾ, കവാടങ്ങൾ, തടാകം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. മധ്യകാലഘട്ടത്തിൽ ഈ ക്ഷേത്ര പരിസരങ്ങളിലും സിയെം റീപിലുമായി ലക്ഷക്കണക്കിന് ആളുകൾ അധിവസിച്ചതായി ചരിത്രം പറയുന്നുണ്ട്. പിന്നീട്ട് എവിടെ വെച്ചോ അതിനു ഇടർച്ച സംഭവിച്ചു.
ഇടക്കാലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാട്ടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും പങ്കാളിയായിട്ടുണ്ട്. ക്ഷേത്രമായി നിർമിക്കപ്പെട്ടിരുന്നുവെങ്കിലും അധികം വൈകാതെ ബുദ്ധ ആരാധനാ കേന്ദ്രമായി പരിവർത്തിക്കപ്പെട്ടു. ഇന്നും ഇത് ബുദ്ധ കേന്ദ്രമായാണ് അറിയപ്പെടുന്നത്. എങ്കിലും ബുദ്ധ ആരാധനാ കർമങ്ങളൊന്നും അനുവർത്തിക്കപ്പെടുന്നില്ല. അങ്കോർ വാട്ടിലെ മണ്ഡപങ്ങളുടെയും സ്തൂപങ്ങളുടെയും സമാനമായുള്ള ഒരുപാട് സ്തൂപങ്ങളും മണ്ഡപങ്ങളും കേപിലൂടെയുള്ള യാത്രയിൽ കാണാൻ കഴിയുന്നുണ്ട്. ഓരോ പാതകളുടെ അവസാന ഭാഗത്തും ഇത്തരത്തിലുള്ള ഖെമർ വാസ്തുവിദ്യയിലുള്ള ഈ സ്തൂപങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നാല് ഭാഗത്ത് നിന്നും നടന്നു കൊണ്ട് ആ മണ്ഡപത്തിന്റെ മധ്യ ഭാഗത്തേക്ക് കയറാനുള്ള സ്‌റ്റെപ്പുകൾ ഉണ്ട്.
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. മുകളിൽ ആകാശ ച്ചെരുവിൽ ഭംഗിയുള്ള പൂർണതയിലേക്ക് കടക്കുന്ന ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു. തൊട്ടടുത്തുള്ള കടലിൽ നിന്നും ഇളം കാറ്റും ഞങ്ങളെ തേടിയെത്തുന്നുണ്ട്. ഒപ്പം അതിന്റെ കടലിരമ്പവും കൂട്ടിനുണ്ട്. ഞാനും ആർകിടെക്ട് ദർവേശും ഒരുപാട് നേരം ആ ചവിട്ടു പടികളിൽ ഇരുന്നു കൊണ്ട് മനോഹരമായ സന്ധ്യയുടെ അന്ത്യ നിമിഷങ്ങളെ ആസ്വദിച്ചു. തൊട്ടടുത്തായി “സ്‌നിക് കോൺ’ എന്ന കംബോഡിയൻ രാജാവിന്റെ രൂപമുണ്ട്. സുനിയോട് ആ പേര് പല ആവർത്തി ചോദിക്കേണ്ടി വന്നു ഉച്ചാരണം പഠിക്കാൻ. അവസാനം അദ്ദേഹം അത് ഗൂഗിളിൽ എഴുതിക്കാണിച്ചു തന്നപ്പോൾ സമാന്തരമായി അതിന്റെ പാരമ്പര്യ നാമം എഴുതിക്കാണിച്ചത് “ശ്രീ ചിത്ത’ എന്നായിരുന്നു. പല പദങ്ങളും നാടുകൾ മാറുമ്പോൾ ഉച്ചാരണ വ്യതിയാനം കൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത രൂപത്തിലാകുന്ന അവസ്ഥയാണിത്. സുനിയുടെ സഹോദരന്റെ നാമം തന്നെ “റോസെർട്ട് ഒമർ’ എന്നാണ് ഖെമർ ഭാഷയിൽ പറയുന്നത്. അതിന്റെ ശരിയായ ഉച്ചാരണം “റഷീദ് ഉമർ’ എന്നാണ്. ഇത് സുനിക്ക് പറഞ്ഞുകൊടുത്തപ്പോൾ അവന് ആശ്ചര്യം കൂറി. ഇന്ന് എന്തായാലും ഞാനത് വീട്ടിൽ പോയി എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നു അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.