Kerala
പരസ്പര സ്‌നേഹവും നന്മയും കൈമാറ്റം ചെയ്യുന്ന പ്രവൃത്തികള്‍ ജീവിതലഹരിയായി സ്വീകരിക്കുക: കാന്തപുരം
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം

കോഴിക്കോട് | ലഹരിയുപയോഗം, അക്രമ സംഭവങ്ങള്‍ നാട്ടില്‍ വ്യാപകമായിത്തുടങ്ങിയ കാലത്ത് ശരീരത്തെയും മനസ്സിനെയും നശിപ്പിക്കുന്ന എല്ലാവിധ ലഹരികളില്‍ നിന്ന് മാറി നില്‍ക്കാനും പരസ്പര സ്‌നേഹവും നന്മയും കൈമാറ്റം ചെയ്യുന്ന പ്രവൃത്തികള്‍ ജീവിതലഹരിയായി സ്വീകരിക്കാനും എല്ലാവരും തയ്യാറാവണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചെറിയ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധിയുടെ ആഘോഷമാണ് ചെറിയപെരുന്നാള്‍. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാര്‍മിക മൂല്യങ്ങളും വരും കാലത്തുടനീളം പുലര്‍ത്തണമെന്ന പ്രതിജ്ഞയെടുക്കേണ്ടത് ഈ അവസരത്തില്‍ പ്രധാനമാണ്.
ഫിത്വര്‍ സകാത്ത് ഉള്‍പ്പെടെയുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനം, ദാന ധര്‍മം, അയല്‍പക്ക ബന്ധം എന്നിവ ശക്തിപ്പെടുത്താനും ചുറ്റുമുള്ള പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വിധവകകള്‍ക്കും കാരുണ്യമെത്തിക്കാനും പെരുന്നാള്‍ ദിവസം ഉത്സാഹിക്കണം. പെരുന്നാളിലെ സത്കര്‍മങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും കൗമാരക്കാര്‍ അടക്കമുള്ള പുതുതലമുറയെ പങ്കുചേര്‍ക്കുകയും തലമുറ വ്യത്യാസമില്ലാതെ നന്മകളില്‍ മത്സരിക്കുകയും തിന്മയെ എതിര്‍ക്കുകയും വേണം.
ഏവരും സന്തോഷിക്കുന്ന പെരുന്നാള്‍ ദിനത്തില്‍ നമുക്കുചുറ്റും പ്രയാസപ്പെടുന്ന ആരുമില്ലെന്ന് ഉറപ്പുവരുത്തുകയും ഉണ്ടെങ്കില്‍ ആവശ്യമായത് നല്‍കുകയും വേണം. ഗാസ ഉള്‍പ്പെടെ ഈ സമയത്തും ലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയുടെ ക്ഷേമത്തിനായി ഏവരും പ്രാര്‍ഥിക്കുകയും വേണം. ഏവര്‍ക്കും സന്തോഷത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നതായും സന്ദേശത്തില്‍ പറഞ്ഞു.