Kerala
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; രക്ഷിതാക്കളുടെ മൊഴിയില്‍ സംഘാടകര്‍ക്കെതിരെ കേസ്
ദിവ്യ ഉണ്ണിയുടെയും സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും.
കൊച്ചി| കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. സാമ്പത്തിക ചൂഷണത്തിനാണ് കേസെടുത്തത്. സംഘാടകരുടെ പണപ്പിരിവിനെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
സംഭവത്തില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും. ഗിന്നസ് പരിപാടിക്കായി ഉണ്ടാക്കിയ കരാര്‍ രേഖകള്‍ അടക്കം ഹാജരാക്കാന്‍ ദിവ്യ ഉണ്ണിയോട് ആവശ്യപ്പെടും. നടന്‍ സിജോയ് വര്‍ഗീസിനെയും പോലീസ് വിളിപ്പിക്കും. ബ്രാന്‍ഡിംഗ് പാര്‍ട്ണര്‍ എന്ന നിലയിലാണ് പരിപാടിയ്ക്കായി സഹകരിച്ചതെന്ന്നേരത്തെ സിജോയ് വര്‍ഗീസ് പറഞ്ഞിരുന്നു. സാമ്പത്തിക ചൂഷണത്തില്‍ നൃത്ത അധ്യാപകരെയും പ്രതികളാക്കും. പണപ്പിരിവ് നൃത്ത അധ്യാപകര്‍ വഴിയായിരുന്നു. ഇടനിലക്കാര്‍ എന്ന നിലയിലാണ് ടീച്ചര്‍മാര്‍ക്കെതിരെ നടപടി എടുക്കുക.
പരിപാടിയുടെ സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്ന് കല്യാണ്‍ സില്‍ക്‌സ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.