Kerala
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടിവീണ് ഒരു മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
വിമാനത്താവളത്തിനുള്ളില്‍ റണ്‍വേയ്ക്ക് സമീപമുള്ള ഹൈ മാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു തൊഴിലാളികള്‍
തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈ മാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പേട്ട സ്വദേശി അനില്‍കുമാറാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വിമാനത്താവളത്തിനുള്ളില്‍ റണ്‍വേയ്ക്ക് സമീപമുള്ള ഹൈ മാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു തൊഴിലാളികള്‍.
റണ്‍വേയ്ക്ക് സമീപമുള്ള ഹൈ മാസ്റ്റ് ലൈറ്റ് അഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുവേണ്ടി ഇരുമ്പു വടം ഉപയോഗിച്ച് ലൈറ്റ് താഴേയ്ക്ക് ഇറക്കുന്നതിനിടെ വടം പൊട്ടുകയായിരുന്നു. ഇതോടെ വലിയ ഭാരമുള്ള ലൈറ്റിന്റെ പാനല്‍ അനില്‍കുമാറിന്റെ ദേഹത്ത് പതിച്ചു. അനില്‍കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ അനിലിനോടൊപ്പം ജോലിചെയ്തിരുന്ന നോബിള്‍, അശോക്, രഞ്ജിത്ത് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.