paragliding ACCIDENT
പാരാഗ്ലൈഡിങ്ങിനിടെ അപകടം; ഹിമാചലില്‍ രണ്ട് മരണം
ഗ്ലൈഡറിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് 30 അടിയോളം ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു
ഷിംല | ഹിമാചല്‍ പ്രദേശിള്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ ആപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആകാശ് അഗര്‍വാള്‍, പൈലറ്റ് വികാസ് കപൂര്‍ എന്നിവരാണ് മരിച്ചത്. കാന്‍ഗ്ര ജില്ലയിലെ ബിര്‍ ബില്ലിംഗില്‍ ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം. ആകാശ് അഗര്‍വാള്‍ തന്റെ പൈലറ്റ് വികാസ് കപൂറിനൊപ്പം പാരാഗ്ലൈഡറില്‍ പറന്നുയരുന്നതിനിടെയാണ് സംഭവം. ഗ്ലൈഡറിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് 30 അടിയോളം ഉയരത്തില്‍ നിന്ന് ഇവര്‍ വീഴുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെടുകയായിരുന്നു. അപകടം സംബന്ധിച്ച് കൂടുതല്‍ വ്യക്തതക്കായി പാരാഗ്ലൈഡറില്‍ ഘടിപ്പിച്ച വീഡിയോ ക്യാമറയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് കാന്‍ഗ്ര പോലീസ് സൂപ്രണ്ട് കെ ശര്‍മ്മ പറഞ്ഞു. പൈലറ്റിന്റെ ലോഗ്ബുക്കും അദ്ദേഹത്തിന്റെ പറക്കല്‍ പരിചയവും പരിശോധിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.