Connect with us

Kasargod

പോലീസ് പിന്തുടരുന്നതിനിടെ അപകട മരണം: പല കളികളും നടക്കുന്നുവെന്ന് വിദ്യാർഥിയുടെ കുടുംബം

സി ബി ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും സഹോദരൻ പറഞ്ഞു.

Published

|

Last Updated

കാസർകോട് | പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പല കളികളും കളിക്കുന്നുവെന്നും സി ബി ഐ അന്വേഷിക്കണമെന്നും മരിച്ച ഫര്‍ഹാസിന്റെ സഹോദരന്‍ റഫീഖ് പറഞ്ഞു.

ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അറിവ്. ഒരു ദിവസം സ്ഥലം മാറ്റം ഉണ്ടെന്ന് പറയുന്നു, പിറ്റേ ദിവസം ഇല്ലെന്ന് പറയുന്നു. സ്ഥലം മാറ്റമല്ല തങ്ങളുടെ ആവശ്യം. തങ്ങളുടെ കൈയിൽ കൂടുതൽ തെളിവുകളുണ്ട്. സി ബി ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും സഹോദരൻ പറഞ്ഞു.

സംഭവം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടിയെന്ന് പോലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ ആരോപണ വിധേയരായ എസ്‌ ഐ രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട്. ഇത് തെറ്റായ വാർത്തയാണെന്ന് പോലീസ് തന്നെ തിരുത്തി.

പോലീസ് പിന്തുടരുന്നതിനിടെ പുത്തിഗെ പള്ളത്ത് വെച്ചുണ്ടായ അപകടത്തിലാണ് കാസർകോട് പേരാൽ കണ്ണൂർ സ്വദേശി പരേതനായ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) മരിച്ചത്. അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു. പോലീസിന്റെ നിരുത്തവാദ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് മഞ്ചേശ്വരം എം എൽ എ. എം കെ എം അശ്റഫ് അപകടം നടന്ന അന്ന് തന്നെ ആരോപിച്ചിരുന്നു.

Latest