Kerala
പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ അപകട മരണം; ആല്‍വിന്‍ ഷൂട്ട് ചെയ്ത ഫോണ്‍ പോലീസ് കണ്ടെത്തി
തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആല്‍വിന്റെ മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
കോഴിക്കോട്| പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് 21കാരന്‍ മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍ ആണ് ഇന്നലെ മരിച്ചത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആല്‍വിന്റെ മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആല്‍വിന്‍ വീഡിയോ ഷൂട്ട് ചെയ്ത ഫോണ്‍ പോലീസ് കണ്ടെത്തി.
കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ റോഡിന്റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവര്‍ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാറാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആല്‍വിനെ ഇടിച്ചത് ഡിഫെന്‍ഡര്‍ കാര്‍ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവര്‍മാരും മൊഴി നല്‍കിയത്. ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു.
സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടേയും ബന്ധുവിന്റേയും കാറുകളാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.