Kerala
റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കര്‍ണാടക വിദ്യാര്‍ഥികളുടെ അപകട യാത്ര; അഞ്ച് പേര്‍ കസ്റ്റഡിയില്‍
മേഖലയില്‍ അപകടം പതിവായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കിയതായി രാജപുരം പോലീസ് പറഞ്ഞു
കാഞ്ഞങ്ങാട് | റാണിപുരത്ത് സാഹസിക കാര്‍ യാത്ര നടത്തിയ കര്‍ണാടക സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികളെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കെ എ 21 സെഡ് 1003 നമ്പര്‍ സ്വിഫ്റ്റ് കാര്‍ പോലീസ് പിടികൂടി.
കഴിഞ്ഞ ആഴ്ച്ച കാറിന്റെ ഡോറില്‍ കയറിയിരുന്ന് സെല്‍ഫി വീഡിയോ പകര്‍ത്തി യാത്ര ചെയ്യവേ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കര്‍ണാടക സൂറത്ത്കല്‍ എന്‍ ഐ ടി വിദ്യാര്‍ഥി അരിബുദ്ദീന്‍ (22) മരിച്ചിരുന്നു. അപകടമേഖലയായ പനത്തടി റാണിപുരം റോഡില്‍ ഇത്തരം സാഹസിക യാത്രകള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
റാണിപുരത്ത് നിന്ന് പനത്തടിയിലേക്കുള്ള യാത്രക്കിടെയാണ് യുവാക്കള്‍ കാറിന്റെ ഡിക്കി ഉയര്‍ത്തി അവിടെ ഇരുന്ന് അതിവേഗം യാത്ര ചെയ്തത്. പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് മാലക്കല്ലില്‍ നിന്ന് കാറും, യാത്ര ചെയ്ത അഞ്ച് വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്തു. മേഖലയില്‍ അപകടം പതിവായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കിയതായി രാജപുരം പോലീസ് പറഞ്ഞു.