Connect with us

From the print

സഊദിയിൽ ഹാജിമാരുടെ താമസ സൗകര്യം; കേന്ദ്ര സംഘത്തിൽ ഹജ്ജ് കമ്മിറ്റിയിൽ നിന്ന് രണ്ട് പേർ

സഊദി സന്ദർശനം രണ്ട് മാസത്തിനുള്ളിൽ

Published

|

Last Updated

കോഴിക്കോട് | സഊദിയിൽ ഹാജിമാർക്ക് താമസ സൗകര്യമൊരുക്കുന്നതിന് സന്ദർശനം നടത്തുന്ന ഇന്ത്യയിൽ നിന്നുള്ള ഉന്നതതല സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികളിൽ നിന്ന് രണ്ട് വീതം പേരെ ഉൾപ്പെടുത്തി.

ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കത്തയച്ചു. ഹജ്ജ് കമ്മിറ്റി അംഗത്തെയും എക്‌സിക്യൂട്ടീവ് ഓഫീസറെയും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കത്തയച്ചത്. വർഷങ്ങൾക്കു മുമ്പ് കേന്ദ്ര സംഘത്തിൽ ഓരോ സംസ്ഥാന ഹജ്ജ് കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ന്യൂനപക്ഷ മന്ത്രാലയ ഉദ്യോഗസ്ഥർ തന്നെയാണ് സഊദിയിൽ ഹാജിമാർക്ക് താമസിക്കാനുള്ള കെട്ടിടം പരിശോധിക്കുകയും അത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയും ചെയ്തിരുന്നത്. ഹാജിമാരുടെ താമസവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിമർശമുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ബിൽഡിംഗ് ഇൻസ്‌പെക്‌ഷൻ കം സെലക്‌ഷൻ ടീമിലേക്കാണ് രണ്ട് പ്രതിനിധികൾ വേണമെന്നാവശ്യപ്പെട്ടത്. രണ്ടാഴ്ചക്കുള്ളിൽ പ്രതിനിധികളെ അറിയിക്കണമെന്നാണ് വിവിധ ഹജ്ജ് കമ്മിറ്റികൾക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിർദേശം. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ താമസ സൗകര്യം പരിശോധിക്കുന്നതിനും കെട്ടിടം വാടകക്കെടുന്നതിനും ഉൾപ്പെടെ രണ്ട് ഘട്ടമായാണ് ഉന്നതതല സംഘം സഊദി സന്ദർശിക്കാറുള്ളത്. രണ്ടാം സന്ദർശനത്തിലാണ് താമസിക്കാനുള്ള കെട്ടിടം ഏതെന്ന അന്തിമ തീരുമാനത്തിലെത്തുക. ഇവിടെയാണ് ഓരോ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കീഴിലുമുള്ള ഹാജിമാരെ താമസിപ്പിക്കുക. അടുത്ത വർഷത്തെ ഹജ്ജ് ആക്‌ഷൻ പ്ലാൻ പ്രകാരം ഒക്‌ടോബർ മുതൽ ഡിസംബർ വരെയാണ് ഉന്നതതല സംഘത്തിന്റെ സന്ദർശനം. ഒക്‌ടോബറിൽ സന്ദർശനം നടന്നില്ല. ഈ സാഹചര്യത്തിൽ ഈ മാസമോ അടുത്ത മാസമോ സംഘം സഊദിയിൽ സന്ദർശിക്കും. സഊദി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെയാണ് ഹാജിമാർക്ക് താമസ സൗകര്യം ഏർപ്പെടുത്താറുള്ളത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest