Connect with us

Election of Vice President

ജഗ്ദീപ് ധന്‍ഖറിനെ കൂടുമാറ്റുന്നത്‌

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തെ കൂടെ നിര്‍ത്താനുള്ള വഴികളിലൊന്നായാണ് രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭരണഘടനാ പദവിയായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജാട്ട് സമുദായാംഗമായ ജഗ്്ദീപ് ധന്‍ഖറിനെ പരിഗണിച്ചിരിക്കുന്നത്.

Published

|

Last Updated

രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ജഗ്്ദീപ് ധന്‍ഖര്‍ അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കുകയാണ്. 2024 ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിട്ടു കൂടിയാണ് അമിത് ഷാ പശ്ചിമ ബംഗാള്‍ രാജ്ഭവനില്‍ നിന്ന് ഡല്‍ഹിയിലെ മൗലാന ആസാദ് റോഡിലെ ഉപരാഷ്ട്രപതി ഭവനിലേക്ക് ജഗ്ദീപ് ധന്‍ഖറിനെ കൂടുമാറ്റിയിരിക്കുന്നത്. 2024 പിടിക്കാനുള്ള എല്ലാ പദ്ധതികളും അമിത് ഷായും മോദിയും ഇപ്പോഴേ ആവിഷ്‌കരിച്ചു തുടങ്ങിയിട്ടുണ്ട്. ഏതെല്ലാം മേഖലകളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജഗ്്ദീപ് ധന്‍ഖറിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നത്. നിരവധി പേരുകള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബി ജെ പി പരിഗണിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ജഗ്്ദീപ് ധന്‍ഖറിനെ തിരഞ്ഞെടുത്തത്. രാജ്യത്ത് മുസ്‌ലിംകള്‍ അസ്വസ്ഥരാണെന്നും ഉപരാഷ്ട്രപതി പദത്തിലേക്ക് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളെ നിയമിക്കണമെന്നുമുള്ള നിര്‍ദേശങ്ങളുണ്ടായിട്ടും അതെല്ലാം അവഗണിച്ചാണ് അമിത് ഷാ ധന്‍ഖറിനെ പ്രതിഷ്ഠിച്ചത്. മുന്‍ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്്വി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുന്‍ കേന്ദ്ര മന്ത്രി എസ് എസ് ആലുവാലിയ, കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുവെന്നാണ് പുറത്ത് വന്നിരുന്നത്. 2024ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അമിത് ഷാ ജഗ്്ദീപ് ധന്‍ഖറിനെ നിയോഗിക്കുകയായിരുന്നു.

രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ജാതിവിഭാഗമായ ജാട്ട് സമുദായത്തില്‍ ഉള്‍പ്പെടുന്നയാളാണ് നിയുക്ത ഉപരാഷ്ട്രപതി ജഗ്്ദീപ് ധന്‍ഖര്‍. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയഭൂമിയിലെ നിരവധി മണ്ഡലങ്ങളില്‍ ജനവിധി തീരുമാനിക്കാനുള്ള ശേഷി കര്‍ഷക ഭൂ ഉടമകളായ ജാട്ടുകള്‍ക്കുണ്ട്. ഉത്തര്‍ പ്രദേശില്‍ ഇത് കുറച്ചു കൂടി ശക്തമാണ്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളോട് ചേർന്നു കിടക്കുന്ന പശ്ചിമ ഉത്തര്‍ പ്രദേശിലാണ് ജാട്ടുകള്‍ തിങ്ങിത്താമസിക്കുന്നത്. വിവിധ കാരണങ്ങളാല്‍ ജാട്ട് സമുദായം ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ജഗ്്ദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ ബി ജെ പി വിരുദ്ധ സമീപനവുമായി രംഗത്തെത്തിയിരുന്നു. ഈ ഘട്ടത്തില്‍ ജാട്ട് സമുദായ നേതാക്കളുമായി അമിത് ഷാ നേരിട്ട് ചര്‍ച്ച നടത്തി വാഗ്ദാനങ്ങള്‍ നല്‍കി. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തെ കൂടെ നിര്‍ത്താനുള്ള വഴികളിലൊന്നായാണ് രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭരണഘടനാ പദവിയായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജാട്ട് സമുദായാംഗമായ ജഗ്്ദീപ് ധന്‍ഖറിനെ പരിഗണിച്ചിരിക്കുന്നത്. ജനങ്ങളുടെ ഗവര്‍ണറാണെന്ന് സ്വയം തെളിയിച്ച കര്‍ഷക പുത്രനാണ് ജഗ്്ദീപ് ധന്‍ഖറെന്ന പ്രഖ്യാപനത്തോടെയാണ് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം തന്നെ തങ്ങളുടെ ലക്ഷ്യങ്ങളെല്ലാം വ്യക്തമാക്കുന്നതായിരുന്നു.

സോഷ്യലിസ്റ്റ്, കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ വഴിയാണ് ധന്‍ഖര്‍ രാഷ്ട്രീയ പ്രവേശനം നടത്തിയത്. അഭിഭാഷകനായി തിളങ്ങിയതിന് പിന്നാലെയായിരുന്നു കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ധന്‍ഖര്‍ ജനതാദള്‍, കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ വഴി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ജനതാദള്‍ ടിക്കറ്റില്‍ 1989ല്‍ രാജസ്ഥാനിലെ ഝുന്‍ഝുന്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1990ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ മന്ത്രിയാകുകയും ചെയ്തു. തുടര്‍ന്ന് കിഷന്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. 1993 മുതല്‍ 1998 വരെ രാജസ്ഥാന്‍ നിയമസഭാ അംഗമായി. മികച്ച അഭിഭാഷകന്‍ കൂടിയായ ധന്‍ഖര്‍ 1979ലാണ് ജയ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍ എല്‍ ബി ബിരുദം നേടിയത്. രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ജഗ്്ദീപ് ധന്‍ഖര്‍. 1998 മുതല്‍ 2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം സുപ്രീം കോടതിയിലെ മുഴുവന്‍ സമയ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായിരുന്നു. 2016ല്‍ ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷം പാര്‍ട്ടിയുടെ നിയമ-നിയമകാര്യ വകുപ്പിന്റെ ദേശീയ കണ്‍വീനറായി. പാര്‍ട്ടിക്കും ആര്‍ എസ് എസിനും അതിന്റെ അനുബന്ധ സംഘടനകള്‍ക്കും നിയമോപദേശം നല്‍കി. 2019ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അദ്ദേഹത്തെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറുമായി ധന്‍ഖര്‍ നിരവധി വിഷയങ്ങളില്‍ ഏറ്റുമുട്ടല്‍ നടത്തി. ഇത് അദ്ദേഹത്തെ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.
കഴിഞ്ഞ ദിവസം നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ടതും നാമനിര്‍ദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങളും അടങ്ങുന്ന 780 പേരടങ്ങുന്ന ഇലക്ട്രല്‍ കോളജിലെ 528 വോട്ടുകള്‍ നേടിയാണ് ധന്‍ഖര്‍ വിജയം വരിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് ആല്‍വക്ക് 182 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയേക്കാള്‍ 346 വോട്ടിന്റെ ഭൂരിപക്ഷമാണ് ജഗ്ദീപ് ധന്‍ഖര്‍ സ്വന്തമാക്കിയത്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 725 (92.94 ശതമാനം) അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പതിനഞ്ച് വോട്ടുകള്‍ അസാധുവായി. സാധുവായ 710 വോട്ടുകളുടെ കേവല ഭൂരിപക്ഷമായ 356 വോട്ടുകളാണ് വിജയിക്കാനായി വേണ്ടിയിരുന്നത്. അതിലും കൂടുതല്‍ വോട്ട് നേടി വലിയ ഭൂരിപക്ഷത്തോടെയാണ് ജഗ്്ദീപ് ധന്‍ഖര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ധന്‍ഖറിനെതിരെ പ്രതിപക്ഷം നിയോഗിച്ചിരുന്ന മാര്‍ഗരറ്റ് ആല്‍വക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സും മമതാ ബാനര്‍ജിയും ജഗ്്ദീപ് ധന്‍ഖറിനെതിരെ സ്വീകരിച്ച പോരാട്ടത്തിന്റെ പകുതി വീര്യം പോലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സ് കാണിച്ചില്ല. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് തൃണമൂല്‍ അംഗങ്ങള്‍ ചെയ്തത്. തൃണമൂലിന്റെ 34 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് ശിശര്‍ അധികാരി, ദിബ്യേന്ദ് അധികാരി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. ബിജു ജനതാദള്‍, വൈ എസ് ആര്‍ കോണ്‍ഗ്രസ്സ്, ബി എസ് പി, ടി ഡി പി, ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ ധന്‍ഖറിന് പിന്തുണ നല്‍കി. എ എ പി, ജെ എം എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മാര്‍ഗരറ്റ് ആല്‍വയെ പിന്തുണച്ചു.

എങ്ങനെയായിരുന്നാലും 2024ഉം പിന്നീടങ്ങോട്ടുള്ള നാല്‍പ്പത് വര്‍ഷക്കാലവും ബി ജെ പി തന്നെയായിരിക്കും ഭരിക്കുകയെന്ന അമിത് ഷായുടെ പ്രഖ്യാപനം കരുതിക്കൂട്ടിയുള്ളതാണെന്നാണ് മനസ്സിലാകുന്നത്. ധന്‍ഖറിനെ ഉപരാഷ്ട്രപതിയാക്കി കര്‍ഷക, ജാട്ട് വിഭാഗങ്ങളെ പെട്ടിയിലാക്കാന്‍ അമിത് ഷാ തീരുമാനിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഓരോന്നായി പിന്നെയും പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്. ദളിത് പിന്നാക്ക മുസ്‌ലിംകളായ പാസ്മണ്ട മുസ്‌ലിംകളെ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷ മോര്‍ച്ച ഇവര്‍ നിര്‍ണായക ശക്തിയായ 44,000 പോളിംഗ് ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും സംയുക്ത പ്രതിപക്ഷം 2024നെ കുറിച്ച് കാര്യമായ ആലോചനകള്‍ പോലും തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 2024ലെ പൊതു തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് എന്‍ സി പി നേതാവ് ശരദ് പവാറിനെ പോലുള്ള ചിലര്‍ പ്രതിപക്ഷ യോഗങ്ങളില്‍ പറയുന്നുവെന്നല്ലാതെ പൊതു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ ഇന്ധനം എന്തായിരിക്കണമെന്ന് ചര്‍ച്ച ചെയ്യുന്നില്ല. തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള വിഷയങ്ങള്‍ ഉണ്ടായിട്ടും ഒരു തുടര്‍ച്ചയുള്ള പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല എന്നതാണ് വസ്തുത. ഇ ഡി വിഷയത്തില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്സ് സമരം നടത്തുന്നുണ്ട്. ഡല്‍ഹിക്ക് അപ്പുറത്തേക്ക് ഇതിനൊരു ചലനവും സൃഷ്ടിക്കാനാകുന്നില്ല. വിലക്കയറ്റം, ജി എസ് ടി, അഗ്നിപഥ്, കര്‍ഷക വിളകളുടെ താങ്ങുവിലക്ക് നിയമ പരിരക്ഷ, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, ജി എസ് ടി വര്‍ധനവ്…. പ്രതിഷേധത്തിന് വിഷയങ്ങള്‍ ഒരുപാടുണ്ടായിട്ടും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പാര്‍ലിമെന്റ് സമ്മേളന കാലയളവിലേക്ക് മാത്രമായി ചുരുങ്ങുന്നു. രാജ്യത്താകെ അണയാത്ത പ്രതിഷേധജ്വാല ഉയര്‍ത്തിക്കൊണ്ടുവന്ന് പൊതു തിരഞ്ഞെടുപ്പ് പ്രചാരണ അജന്‍ഡ പ്രതിപക്ഷം ഇപ്പോഴേ ഉയര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

Latest