Kerala
സംസ്ഥാനത്ത് ഈ വര്‍ഷം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1977 പേര്‍ക്കെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്
കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും
തിരുവനന്തപുരം| സംസ്ഥാനത്ത് 1977 പേര്‍ക്ക് ഈ വര്‍ഷം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്ക്. മലപ്പുറം ചാലിയാര്‍, പോത്തുകല്‍ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും.
അതേസമയം രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി.സംസ്ഥാനത്ത് മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
മലപ്പുറത്തും എറണാകുളത്തും ആദ്യം കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം ബാധിച്ചപ്പോള്‍ തന്നെ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് അവലോകന യോഗവും ബോധവത്കരണവും ഊര്‍ജിതമാക്കിയിരുന്നു. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്ട് ഐസ് ഒരതിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
എറണാകുളം മലപ്പുറം ജില്ലകള്‍ക്ക് പുറമേ മറ്റ് ജില്ലകളിലും മഞ്ഞപ്പിത്തം ബാധിച്ചോ അതേ ലക്ഷണങ്ങളോടെയോ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ മുപ്പതിനായിരത്തോളം പേര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.
മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.