Kerala
വടക്കഞ്ചേരി അപകടത്തിനിടയാക്കിയത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗമെന്ന് അന്വേഷണ റിപ്പോർട്ട്
ദേശീയ പാതയിലെ റോഡരുകിൽ മഞ്ഞ നിറത്തിൽ ജാഗ്രതാ ലൈൻ വരയ്ക്കാത്തതും, മാലിന്യക്കൂമ്പാരവും അപകട കാരണമായെന്നും മോട്ടോർ വാഹന വകുപ്പ്
തൃശൂർ | ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അപകട സമയം 100 കിലോമീറ്ററിനടുത്ത് വേഗത്തിലായിരുന്നു ബസ് ഓടിയിരുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേശീയ പാതയിലെ റോഡരുകിൽ മഞ്ഞ നിറത്തിൽ ജാഗ്രതാ ലൈൻ വരയ്ക്കാത്തതും, മാലിന്യക്കൂമ്പാരവും അപകട കാരണമായെന്നും മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്, ആർടിഒ, എം.കെ. ജയകുമാർ ട്രാൻസ്പോർട്ട് കമ്മീഷണർക്കു കൈമാറി.
ഒക്ടോബർ അഞ്ചിന് രാത്രി വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് ബസ് അപകടത്തിൽപെട്ടത്. അമിത വേഗത്തിലെത്തിയ ബസ്, കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിനു പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരു ബസുകളിലുമായി അഞ്ച് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയര്‍ സെക്കന്‍ഡറി സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയവരാണ് അപകടത്തിൽപെട്ടത്.