Kerala
മന്ത്രിയുടെ വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെയത്രെ കുഴികള്‍ ദേശീയ പാതയിലില്ല; മുഹമ്മദ് റിയാസിന് മറുപടിയുമായി വി മുരളീധരന്‍
കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ദേശീയ പാതയിലേക്ക് പോയാല്‍ പോരെയെന്ന് വി മുരളീധരന്‍
തിരുവനന്തപുരം | ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ദേശീയ പാതയിലേക്ക് പോയാല്‍ പോരെയെന്ന് വി മുരളീധരന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെ റോഡുകള്‍ പശ തേച്ചാണോ ഉണ്ടാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചത് ഇതേ മന്ത്രിയോടാണ്. കോടതിയില്‍ നിന്നും വിമര്‍ശനമേറ്റതിന്റെ ജാള്യത മറക്കാനാണ് മന്ത്രി കേന്ദ്രത്തെ പഴിക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു
മന്ത്രിയുടെ വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെയത്ര കുഴി ദേശീയ പാതയിലില്ല. മന്ത്രി ഇട്ക്കൊക്കെ പിഡബ്ല്യുഡി റോഡുകള്‍ വഴി യാത്ര ചെയ്ത് സാധാരണക്കാര്‍ ഏത് സാഹചര്യത്തിലൂടെയാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുന്നതെന്ന് മനസിലാക്കണം. ദേശീയപാതയില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ പരിഹരിക്കും. അതിന് സ്വന്തം കഴിവുകേട് മറച്ചുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപെടാമെന്ന് വിചാരിക്കരുതെന്നും വി. മുരളീധരന്‍ പറഞ്ഞു.
രാവിലെ നിയമസഭയിലാണ് ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് ആരോപണം ഉന്നയിച്ചത്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന് മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെക്കാള്‍ കുഴി ദേശീയപാതയില്‍ ഉണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്.