National
അക്കൗണ്ട് മരവിപ്പച്ചത് അപകടകരം ; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്ന് കോണ്‍ഗ്രസ്
പ്രചാരണം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സഹായിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി | പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്ന് രാഹുല്‍ ഗാന്ധി. പ്രചാരണം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സഹായിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെതിരെ നടന്നത് ക്രിമിനല്‍ ആക്രമണം. വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് പറയുന്നത് വലിയ കളവാണ്. മരവിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടിനെയല്ല ജനാധിപത്യത്തെയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പ്രചരണ പോസ്റ്ററുകള്‍ അടിക്കാനും പത്രങ്ങളില്‍ പരസ്യം നല്‍കാനും കഴിയുന്നില്ല. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടേയും അറിവോടെയാണ് നടപടി. വിഷയത്തില്‍ കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മൗനമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നതായും എന്നാല്‍ അന്വേഷണ ഏജന്‍സികളെ ബിജെപി പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നുവെന്നും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ആശങ്കയ്ക്ക് കാരണമാകുന്നു. ആയിരകണക്കിന് കോടി രൂപ ബിജെപി ബോണ്ടിലൂടെ സ്വന്തമാക്കിയെന്നും ഖാര്‍ഖെ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടിലെന്നും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രചാരണത്തെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇലക്ട്രല്‍ ബോണ്ട് വഴി പണം സ്വരൂപിക്കുന്ന ബിജെപി കോണ്‍ഗ്രസിനെതിരെ ജനാധിപത്യ വിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്നും സോണിയാ ഗാന്ധി ആരോപിച്ചു.