Connect with us

murder case

വയോധികയെ കൊന്നത് കഴുത്ത് ഞെരിച്ചും നെഞ്ചില്‍ ചവിട്ടിയുമെന്ന് പ്രതികളുടെ മൊഴി

കര്‍ണാടക മണിപ്പാലില്‍ നിന്ന് പിടിയിലായ പ്രതികളെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു

Published

|

Last Updated

കലവൂര്‍ | ആലപ്പുഴ കലവൂരില്‍ 73 കാരി സുഭദ്രയെ കൊലപ്പെടുത്തിയത് നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശര്‍മിളയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. വയോധികയെ കൊന്നു കുഴിച്ചുമൂടിയത് അതിക്രൂര മര്‍ദ്ദനത്തിന് ശേഷമാണെന്നു പ്രതികള്‍ വിശദീകരിച്ചു.

ഇന്നലെ കര്‍ണാടക മണിപ്പാലില്‍ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലില്‍ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും കൂടുതല്‍ തെളിവെടുപ്പിലേക്ക് നീങ്ങുക.

മേസ്തിരിയെ വിളിച്ചു വരുത്തി വീടിന് പിറകുവശത്ത് കുഴി എടുത്ത ശേഷം ഏഴാം തിയ്യതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് വിലയിരുത്തല്‍. ഉഡുപ്പിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഉഡുപ്പി സ്വദേശിയായ ശര്‍മിള പോകാന്‍ സാധ്യത ഉള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവിടങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.

കൃത്യത്തിന് ശേഷം ഉഡുപ്പിയിലെത്തിയ പ്രതികള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കൊച്ചിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ കൊലപാതക വിവരം പുറത്തറിഞ്ഞെന്നു മനസ്സിലായ പ്രതികള്‍ കൊച്ചിയില്‍ നിന്ന് മുങ്ങുകയായിരുന്നു. നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഷര്‍മിള കൊച്ചിയിലെത്തിയ കാലത്ത് സുഭദ്ര നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം. അങ്ങനെയാണ് ഇവര്‍ സുഭദ്രയുമായി അടുത്തത്. ബന്ധം ശക്തമായപ്പോള്‍ ഇടയ്ക്ക് കുറച്ച് നാള്‍ സുഭദ്രയുടെ വീട്ടിലും താമസിച്ചു. ഇടയ്ക്കിടെ സുഭദ്രയെ ശര്‍മിള ആലപ്പുഴയിലെ വീട്ടിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ശര്‍മിളയുടെ പങ്കാളിയായ കാട്ടൂരുകാരന്‍ മാത്യൂസ് എന്ന നിധിനെ സുഭദ്ര പരിചയപ്പെടുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ  സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.

 

 

 

Latest