Kerala
പോക്സോ കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവും പിഴയും
. പ്രതിയുടെ പ്രത്യേക അപേക്ഷ പ്രകാരം പ്രതിയെ നേരിട്ട് പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ചു എന്ന അപൂര്‍വതയും ഈ കേസിനുണ്ട്.

അടൂര്‍ | ബന്ധുവായ 15 കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 23 കാരന് 45 വര്‍ഷം കഠിനതടവും 4.40 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ സ്പെഷ്യല്‍ കോടതി. അടൂര്‍ പെരിങ്ങനാട് കരുവാറ്റ അമ്പനാട്ടു വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന സൂര്യജിത്തിനെയാണ് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. 2022 ഏപ്രില്‍ 2ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചകയറിയാണ് പ്രതി മറ്റാരും ഇല്ലാത്ത നേരത്ത് ബലാല്‍ക്കാരമായി ലൈംഗിക അതിക്രമം കാട്ടിയത്.
അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍, പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം, പിഴ അടയ്ക്കാത്തപക്ഷം രണ്ടര വര്‍ഷം കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. പ്രതിയുടെ പ്രത്യേക അപേക്ഷ പ്രകാരം പ്രതിയെ നേരിട്ട് പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ചു എന്ന അപൂര്‍വതയും ഈ കേസിനുണ്ട്. പ്രതിഭാഗത്തുനിന്നും ഇയാള്‍ ഉള്‍പ്പെടെ 4 സാക്ഷികളെ വിസ്തരിക്കുകയും 9 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സ്മിത ജോണ്‍ ഹാജരായി. കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപാത്രം ഹാജരാക്കിയത് അന്നത്തെ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി ഡി പ്രജീഷ് ആയിരുന്നു. പ്രോസിക്യൂഷന്‍ നടപടികളില്‍ വിക്ടിം ലെയ്സണ്‍ ഓഫീസര്‍ എസ് സി പി ഓ എസ് സ്മിതയും പങ്കാളിയായി.