Kerala
സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി കുറ്റക്കാരന്‍
പ്രോസിക്യൂഷന്‍ ദൃക്സാക്ഷികളില്‍ ഭൂരിഭാഗം പേരും കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി
കോട്ടയം | കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (രണ്ട്) കണ്ടെത്തി. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് നടന്ന അരുംകൊലയില്‍ നാളെ ശിക്ഷ വിധിക്കും.
2022 മാര്‍ച്ച് ഏഴിനു നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ് വാദം പൂര്‍ത്തിയായത്.
കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
കോട്ടയം സബ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞുവരികയാണ് പ്രതി. വിചാരണ ഘട്ടത്തിലും നിയമനടപടികള്‍ മുന്നോട്ടുപോകുമ്പോഴും നാടകീയ രംഗങ്ങളാണ് ഉണ്ടായത്. പ്രോസിക്യൂഷന്‍ ദൃക്സാക്ഷികളില്‍ ഭൂരിഭാഗം പേരും കൂറുമാറി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് ജോര്‍ജ് കുര്യനാണ് കൃത്യം നടത്തിയത് എന്നു കണ്ടെത്തിയത്. കൊലപാതകം, ആയുധം കൈവശം വെയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.