Kerala
പോക്സോ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും
പിഴ അടച്ചില്ലെങ്കില്‍ എട്ട് ആഴ്ച്ച കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പത്തനംതിട്ട | വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യല്‍ കോടതി. കോയിപ്രം പുളിഞ്ചാണിക്കല്‍ തെക്കേല്‍ വീട്ടില്‍ തങ്കച്ചനെയാണ് ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
2021 ഓഗസ്റ്റ് 21 നാണ് വീട്ടില്‍ അതിക്രമിച്ചകയറി ഹാളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരേ പ്രതി നഗ്നതാപ്രദര്‍ശനം നടത്തുകയും, അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ മാതാപിതാക്കള്‍ ഇയാളോട് വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍,അസഭ്യം വിളിച്ചുകൊണ്ട് വീണ്ടും നഗ്നതാപ്രദര്‍ശനം നടത്തി. പുറത്തിറങ്ങി കുട്ടിയെ ചീത്ത വിളിക്കുകയും, കല്ലുമായി വീട്ടിനുള്ളില്‍ കയറി കുട്ടിക്കും മറ്റും നേരെ എറിയുകയും ചെയ്തുവെന്നാണ് കേസ്.
പിഴത്തുക പ്രതി കുട്ടിക്ക് നല്‍കണം, പിഴ അടച്ചില്ലെങ്കില്‍ എട്ട് ആഴ്ച്ച കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. കോടതിനടപടികളില്‍ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.