Pathanamthitta
പോക്‌സോ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും പിഴയും
പെരുമ്പെട്ടി പോലീസ് 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിപ്പിച്ചത്.

പത്തനംതിട്ട | ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവിന് രണ്ട് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. ഏഴുമറ്റൂര്‍ പാറപൊട്ടനി മേലേ പുരയിടം വീട്ടില്‍ ടി എം അഖില്‍(34) നെയാണ് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പെരുമ്പെട്ടി പോലീസ് 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിപ്പിച്ചത്. 2023 ഫെബ്രുവരി 19 നാണ് സംഭവം. കുട്ടി വീടിന്റെ മുന്‍വാതിലിന്റെ പടിയിലിരിക്കുമ്പോള്‍ മുന്നിലെത്തിയ പ്രതി അശ്ലീലപ്രദര്‍ശനം നടത്തി ലൈംഗികച്ചുവയോടെ സംസാരിച്ച് അതിക്രമം കാട്ടുകയായിരുന്നു.
അന്നത്തെ പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജോബിന്‍ ജോര്‍ജ്ജ് ആണ് പോക്‌സോ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി.പ്രോസിക്യൂഷന്‍ നടപടികളില്‍ എ എസ് ഐ ഹസീന സഹായിയായി.