biju ramesh
വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ എത്തിയെന്ന് ആരോപണം; മദ്യ വ്യവസായിയെ തടഞ്ഞു
പണവുമായി എത്തിയ ബിജുരമേശ് സി പി എം പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മറ്റൊരു സംഘത്തിന്റെ കയ്യില്‍ പണം കൊടുത്തയച്ചെന്നാണ് ആരോപണം.

തിരുവനന്തപുരം | മദ്യ വ്യവസായി ബിജു രമേശ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം. ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനായി പണം നല്‍കാന്‍ എത്തിയതാണെന്ന് ആരോപിച്ച് അരുവിക്കര വടക്കേമല കോളനിയില്‍ ബിജുരമേശിനെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
രാത്രി ഏഴ് മണിയോടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം സുരേഷിന്റെ വീട്ടില്‍ ബിജുരമേശിനെ തടഞ്ഞുവച്ചത്. പണവുമായി എത്തിയ ബിജുരമേശ് സി പി എം പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മറ്റൊരു സംഘത്തിന്റെ കയ്യില്‍ പണം കൊടുത്തയച്ചെന്നാണ് ആരോപണം. പണം നല്‍കാനുള്ള ശ്രമം ചോദ്യം ചെയ്ത സി പി എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നും ആരോപണം ഉണ്ട്.
പിന്നാലെ പോലീസ് സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ലെയിങ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ പണം കണ്ടെത്താനായില്ല. ബിജു രമേശിനെ അരുവിക്കര സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷം പോലീസ് വിട്ടയച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ബിജു രമേശ് പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് സി പി എം ആരോപിക്കുന്നത്. ബിജു രമേശ് മര്‍ദ്ദിച്ചെന്ന സി പി എം പ്രവര്‍ത്തകരുടെ പരാതിയിലും സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബിജുരമേശിന്റെ അംഗരക്ഷകന്‍ നല്‍കിയ പരാതിയിലും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.