National
ബാങ്കിലെ ക്യാഷറെ അരിവാള്‍ ചൂണ്ടി എട്ടരലക്ഷം കവര്‍ന്ന പ്രതി പിടിയില്‍
ഇയാളില്‍ നിന്നും മോഷ്ടിച്ച 8.54 ലക്ഷം രൂപയും സംഭവത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും ഒരു പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്.

ലഖ്‌നൗ | ഉത്തര്‍പ്രദേശ് ഗോണ്ട ജില്ലയിലെ ബാങ്കില്‍ വനിതാ ക്യാഷറെ അരിവാള്‍ ചൂണ്ടി ഭീഷണിപ്പെടുത്തി എട്ടര ലക്ഷം രൂപ മോഷ്ടിച്ച പ്രതി പിടിയില്‍. രാകേഷ് ഗുപ്ത എന്ന യുവാവിനെ ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച കോട്വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പന്ത്നഗറിലെ യുപി ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയിലായിരുന്നു സംഭവം നടന്നത്.
ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് അരിവാള്‍ കാണിച്ച് ബാങ്കിലെ വനിതാ കാഷ്യറെ ബന്ദിയാക്കി ഭീഷണിപ്പെടുത്തിയ ശേഷം 8.54 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിടികൂടാനായി അഞ്ച് സംഘങ്ങളെ രൂപീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.തുടര്‍ന്ന് പ്രദേശത്തെ റോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് രാകേഷ് പിടിയിലായത്.
പോലീസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പോലീസിനു നേരെ വെടിയുതിര്‍ത്തു.തുടര്‍ന്ന് പോലീസും തിരിച്ച് വെടിയുതിര്‍ത്തു. വലതുകാലിന് വെടിയേറ്റ് രാകേഷ് നിലത്തുവീണതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളില്‍ നിന്നും മോഷ്ടിച്ച 8.54 ലക്ഷം രൂപയും സംഭവത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും ഒരു പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്.