Connect with us

Kerala

സ്‌കൂട്ടര്‍, സൈക്കിള്‍ മോഷണം പതിവാക്കിയ പ്രതി വീണ്ടും പിടിയില്‍

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് പുറക് വശം അങ്ങാടിക്കല്‍ തെക്ക് ലക്ഷം വീട് കോളനിയില്‍ കൈലാത്ത് വീട്ടില്‍ സുഗുണന്‍ എന്ന് വിളിക്കുന്ന സുബിന്‍ ജേക്കബ്( 28) ആണ് വലയിലായത്

Published

|

Last Updated

പന്തളം | സ്‌കൂട്ടര്‍, സൈക്കിള്‍ മോഷണം പതിവാക്കിയ പ്രതിയെ പന്തളം പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് പുറക് വശം അങ്ങാടിക്കല്‍ തെക്ക് ലക്ഷം വീട് കോളനിയില്‍ കൈലാത്ത് വീട്ടില്‍ സുഗുണന്‍ എന്ന് വിളിക്കുന്ന സുബിന്‍ ജേക്കബ്( 28) ആണ് വലയിലായത്.

ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കടക്കാട് സ്വദേശി തന്‍വീര്‍ നൗഷാദിന്റെ സുസുക്കി സ്വിഷ് സ്‌കൂട്ടര്‍ മോഷണം പോയത്. കഴിഞ്ഞദിവസം തിരുവല്ലയില്‍ നിന്ന് സൈക്കിള്‍ മോഷ്ടിച്ചുകടന്ന സുബിനെ പന്തളം പോലീസ് പിന്തുടര്‍ന്നുവെങ്കിലും ഇയാള്‍ സൈക്കിള്‍ ഉപേക്ഷിച്ചു കടന്നിരുന്നു. പിന്നീട് ഇന്നലെ രാത്രി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ച സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തു. കോയിപ്പുറം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആക്ടീവ സ്‌കൂട്ടര്‍ മോഷണക്കേസിലെ പ്രതിയായ സുബിന്‍ എട്ടുമാസം ജയിലില്‍ കഴിഞ്ഞിരുന്നു. ചെങ്ങന്നൂര്‍ മാന്നാര്‍ പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സൈക്കിള്‍ മോഷണത്തിന് കേസുണ്ട്. ഈ കേസുകളിലും ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ് നേതൃത്വം നല്‍കി. എസ് ഐ മാരായ അനീഷ് എബ്രഹാം, സന്തോഷ് കുമാര്‍, സി പി ഓ മാരായ അന്‍വര്‍ഷ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

 

Latest