Connect with us

National

ആസിഡ് ആക്രമണം; പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ക്കും നാല് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കര്‍ണാടക വനിതാ കമ്മീഷന്‍

പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

Published

|

Last Updated

മംഗളൂരു | മംഗളൂരുവില്‍ ആസിഡ് ആക്രമണത്തില്‍ സാരമായി പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കര്‍ണാടക വനിതാ കമ്മീഷന്‍. നാല് ലക്ഷം രൂപ വീതമാണ് നല്‍കുകയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. ഇതിനു പുറമെ പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് കര്‍ണാടക വനിതാ കമ്മീഷന്‍ അധ്യക്ഷ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിന്‍ ഷിബി (23) യെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

തിങ്കളാഴ്ചയായിരുന്നു ആസിഡ് ആക്രമണം. പി യു സി സെക്കന്‍ഡ് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരകളായത്. പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.