bilkis banu case
ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ട നടപടി ലജ്ജാകരം: ബൃന്ദാ കാരാട്ട്
സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് എന്ത് വില?
ന്യൂഡല്‍ഹി | ഗുജറാത്ത് വംശഹത്യക്കാലത്തെ ക്രൂരതയുടെ പര്യായമായ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി സി പി എം പി ബി അംഗം ബൃന്ദ കാരാട്ട്. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണ്. വിവാദ ഉത്തരവ് ഗുജറാത്ത് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.
ഗുജറാത്ത് വംശഹത്യക്കാലത്ത് മൂന്ന് വയസുകാരിയെ അടക്കം കൂട്ടബലാത്സംഗം ചെയ്യുകയും ഏഴംഗ കുടുംബത്തെ അരുംകൊല ചെയ്യുകയും ചെയ്ത കേസാണിത്. കുട്ടബലാത്സംഗവും കൊലപാതകവും എന്നീ കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷായിളവ് നല്‍കില്ലെന്നുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ 2014ലെ വിജ്ഞാപനത്തിന്റെയും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണ് നടപടി.
സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുമെന്ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന് എന്ത് വിലയാണുള്ളത്? അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രിമിനലുകളുമായി കുറ്റകരമായ സഹകരണത്തിലാണ്. ബി ജെ പിയുടേത് തികഞ്ഞ കാപട്യമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.