National
യു പി മദ്‌റസാ നിയമം റദ്ദാക്കിയ നടപടി; പ്രതിസന്ധിയിലായി വിദ്യാര്‍ഥികളും അധ്യാപകരും
26 ലക്ഷം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും 10,000ത്തിലേറെ അധ്യാപകരുടെ ജോലിയും അനിശ്ചിതത്വത്തില്‍.
ലക്‌നൗ | 2004ലെ ഉത്തര്‍പ്രദേശ് മദ്റസാ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായത് 26 ലക്ഷം വിദ്യാര്‍ഥികളും 10,000ത്തിലേറെ അധ്യാപകരും. ഇത്രയും പേരുടെ വിദ്യാഭ്യാസവും ജോലിയുമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
മദ്റസാ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് യു പി സര്‍ക്കാറിനോട് മാര്‍ച്ച് 22ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ മതേതരത്വമില്ലെന്നാണ് നടപടി സംബന്ധിച്ചുള്ള ഹൈക്കോടതി വിശദീകരണം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 21-എ എന്നിവയുടെയും 1956 ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ആക്ട് 22-ാം വകുപ്പിന്റെയും ലംഘനമാണിതെന്ന് ജസ്റ്റിസുമാരായ വിവേക് ചൗധരി, സുഭാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. മറ്റ് റെഗുലര്‍ സ്‌കൂളുകളെ അപേക്ഷിച്ച് നിയമപ്രകാരമുള്ള മദ്റസകള്‍ തുല്യ വിദ്യാഭ്യാസം നല്‍കുന്നില്ലെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.
മദ്റസാ നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും 14 വയസ്സ് വരെയോ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നുവെന്നും കാണിച്ച് അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍, മദ്റസകള്‍ മതവിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതല്ലെന്നും അതിനായി ഗ്രാന്റുകള്‍ സ്വീകരിക്കുന്നില്ലെന്നും എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും മദ്റസാ അറേബ്യ, അഖിലേന്ത്യാ ടീച്ചേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി വഹീദുല്ല ഖാന്‍ പറഞ്ഞു. ഹിന്ദു അധ്യാപകരും വിദ്യാര്‍ഥികളും പോലും മദ്റസകളില്‍ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അറബിക്, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങിയ പൗരസ്ത്യ ഭാഷകളുടെ പ്രോത്സാഹനത്തിനായാണ് സര്‍ക്കാര്‍ ഗ്രാന്റുകള്‍ നല്‍കുന്നതെന്നും അര്‍ബി-ഫാര്‍സി ബോര്‍ഡ് (അറബിക്-പേര്‍ഷ്യന്‍) പിന്നീട് മദ്റസാ ബോര്‍ഡായി മാറുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്തെ വേദപാഠശാലകള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് നടത്തുന്നതെങ്കില്‍ 1996 മുതല്‍ മദ്റസകള്‍ ന്യൂനപക്ഷ വകുപ്പാണ് ഭരിക്കുന്നതെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
മത വിദ്യാഭ്യാസത്തിനൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസം കൂടി നല്‍കുന്നതാണ് ഉത്തര്‍ പ്രദേശിലേതുള്‍പ്പെടെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍. സര്‍ക്കാര്‍ സഹായത്തോടെയായിരുന്നു ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം.
മദ്റസാ നിയമം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്ത് വന്നു. ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ ഏതൊരു പണ്ഡിതനും ബുദ്ധിജീവിക്കും സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം നല്‍കുന്നുണ്ടെന്ന് എ ഐ എം ഐ എം തലവന്‍ ഉവൈസി പറഞ്ഞു. ‘ഈ പശ്ചാത്തലത്തില്‍, മദ്റസാ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടെന്ന് ഉവൈസി എക്‌സില്‍ കുറിച്ചു.