kv thomas@party congress
കെ വി തോമസിനെതിരായ നടപടി: സോണിയയുടെ തീരുമാനം ഇന്ന്
പുറത്താക്കാതെ മാറ്റിനിര്‍ത്തുക എന്നത് കോണ്‍ഗ്രസ് തന്ത്രം
ന്യൂഡല്‍ഹി| കെ വി തോമസിനെതിരെ എ ഐ സി സി അച്ചടക്ക സമിതിയുടെ ശുപാര്‍ശകളില്‍ സോണിയ ഗാന്ധി ഇന്ന് തീരുമാനമെടുക്കും. തോമസിനെ പദവികളില്‍ നിന്നും നീക്കാനും,താക്കീത് നല്‍കാനുമാണ് എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് സോണിയാ ഗാന്ധി അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏതൊക്കെ പദവികളില്‍ നിന്ന് നീക്കണമെന്ന അവസാനവാക്ക് കോണ്‍ഗ്രസ് അധ്യക്ഷയുടേതാണ് .രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പി സി സി എക്‌സിക്യൂട്ടീവില്‍ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാര്‍ശ.സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ എ ഐ സി സി അംഗത്വം സാങ്കേതികം മാത്രമെന്നാണ് വിശദീകരണം. കെ പി സി സി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാല്‍ പാര്‍ട്ടി വിടുന്നതിന് കെ വി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്റിന് വിലയിരുത്തലുണ്ട്. കൂടാതെ വിഷയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സി പി എമ്മിന് അവസരം ലഭിക്കുമെന്നും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു.പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതെ പൂര്‍ണമായും അകറ്റി നിര്‍ത്തുകയെന്ന തന്ത്രമാണ് നേതൃത്വം പയറ്റുന്നത്. നേതൃത്വത്തിന്റെ ഈ നീക്കത്തില്‍ കെ വി തോമസ് ഇനി എന്ത് പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.