Kerala
ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കെതിരായ നടപടി; ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മാര്‍ച്ച് 28ന് ഉത്തരവിറക്കി.
തിരുവനന്തപുരം | ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വകുപ്പു തിരിച്ച് പട്ടിക തയാറാക്കാനാണ് പൊതുഭരണവകുപ്പ് മറ്റു വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അവധിക്ക് അപേക്ഷിച്ചവരുടേയും അനുമതിയില്ലാതെ അവധിയെടുത്തവരുടേയും പ്രത്യേകം കണക്കെടുക്കണം. ഇവര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളും വ്യക്തമാക്കണം.
2022 മാര്‍ച്ച് 28,29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മാര്‍ച്ച് 28ന് ഉത്തരവിറക്കി. എന്നാല്‍ 29നും പണിമുടക്ക് നടന്നു. തുടര്‍ന്നാണ് പണിമുടക്കില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആഗസ്റ്റ് ഒന്നിന് നിര്‍ദ്ദേശം നല്‍കിയത്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പണിമുടക്കില്‍ പങ്കെടുത്തവരില്‍ എത്ര ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെന്ന് വ്യക്തമാക്കണം. അച്ചടക്ക നടപടിയെടുത്ത ജീവനക്കാരുടെ എണ്ണവും വകുപ്പു മേധാവി സെപ്തംബര്‍ രണ്ടിനകം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഈ കണക്കുകള്‍ പൊതുഭരണവകുപ്പായിരിക്കും ഹൈക്കോടതിക്ക് സമര്‍പ്പിക്കുക