Kerala
തിരുവല്ല ആശുപത്രി സൂപ്രണ്ടിനെതിരായ നടപടി; മന്ത്രിക്കെതിരെ കെ ജി എം ഒ എ, തിങ്കളാഴ്ച കരിദിനാചരണം
തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി വഴിയില്‍ നിര്‍ത്തി വിചാരണ ചെയ്തതായും കെ ജി എം ഒ എ പ്രസ്താവനയില്‍ ആരോപിച്ചു.
തിരുവല്ല | തിരുവല്ല ആശുപത്രി സൂപ്രണ്ട് ജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി കെ ജി എം ഒ എ തിങ്കളാഴ്ച ആശുപത്രിയില്‍ കരിദിനം ആചരിക്കും. എന്നാല്‍, രോഗികളെ ബുദ്ധിമുട്ടിക്കാതെയാവും സമരമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രി പ്രവര്‍ത്തനത്തില്‍ പാളിച്ചകളുണ്ടെന്ന് ഇന്നലെ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തില്‍ ആരോഗ്യമന്ത്രി കണ്ടെത്തിയിരുന്നു. മന്ത്രി എത്തിയപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നത് രണ്ട് ഒ പികള്‍ മാത്രമാണ്. സൂപ്രണ്ടിനോട് ക്ഷുഭിതയായി പ്രതികരിച്ച മന്ത്രി അദ്ദേഹത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
മന്ത്രി എത്തുമ്പോള്‍ രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടേഴ്സ് പോലും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ആശുപത്രിയില്‍ മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് രോഗികള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. നിരവധി രോഗികളുടെ ആരോഗ്യമന്ത്രിക്കു മുന്നില്‍ പരാതികളുമായെത്തിയത്. ആശുപത്രിയില്‍ ബ്ലഡ് ബേങ്ക് പ്രവര്‍ത്തിക്കുന്നില്ല, ഫര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകളില്ല, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മോശമാണ് തുടങ്ങിയ പരാതികളാണ് അവര്‍ ഉന്നയിച്ചത്.
തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി വഴിയില്‍ നിര്‍ത്തി വിചാരണ ചെയ്തതായും കെ ജി എം ഒ എ പ്രസ്താവനയില്‍ ആരോപിച്ചു. മരുന്ന് ക്ഷാമം തിരുവല്ലയില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ട്. ഡോക്ടര്‍മാര്‍ക്ക് എതിരായുള്ള അക്രമത്തിന് മന്ത്രി എണ്ണയൊഴിച്ചു കൊടുത്തു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. മന്ത്രി എത്തുമ്പോള്‍ ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. രണ്ട് ഡോക്ടര്‍മാരെ മാത്രമേ മന്ത്രി കണ്ടുള്ളൂ. മറ്റുള്ളവര്‍ പല ഡ്യൂട്ടികളില്‍ ഉണ്ടായിരുന്നു. ഇത് മന്ത്രി പരിശോധിച്ചില്ലെന്നും കെ ജി എം ഒ എ കുറ്റപ്പെടുത്തി.