International
നടപടി തുടര്‍ന്ന് ബംഗ്ലാദേശ്; രണ്ട് ഹിന്ദു സന്യാസിമാരെ കൂടി കസ്റ്റഡിയിലെടുത്തു
ഇസ്‌കോണ്‍ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദര്‍ദാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ധാക്ക | ഗൗഡിയ വൈഷ്ണവരുടെ സംഘടനയായ അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘ (ഇസ്‌കോണ്‍) ത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കെതിരായി നടപടി തുടര്‍ന്ന് ബംഗ്ലാദേശ്. രണ്ട് ഹിന്ദു സന്യാസിമാരെ കൂടി കസ്റ്റഡിയിലെടുത്തതായ വിവരം ബംഗ്ലാദേശ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇസ്‌കോണ്‍ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദര്‍ദാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായിരുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് നടപടി.
ചിന്മയ് കൃഷ്ണദാസ് ഉള്‍പ്പെടെ ഇസ്‌കോണിന്റെ 17 നേതാക്കളുടെ ബേങ്ക് അക്കൗണ്ടുകള്‍ ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് മരവിപ്പിച്ചിരുന്നു. ഇവരുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കാനും സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കാനും ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ഇസ്‌കോണിന്റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹരജി ധാക്ക ഹൈക്കോടതി തള്ളി.
ദേശ വിരുദ്ധ നിയമം ചുമത്തിയാണ് ചിന്മയ് കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് രാജ്യത്ത് അക്രമം വ്യാപകമായിട്ടുണ്ട്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ചിറ്റഗോങിലെ ജയിലില്‍ കഴിയുകയാണ് ചിന്മയ് കൃഷ്ണദാസ്.
ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് രംഗത്തെത്തിയിട്ടുണ്ട്. ംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ നേരത്തെത്തന്നെ പസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്നായിരുന്നു ബംഗ്ലാദേശിന്റെ പ്രതികരണം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂനപക്ഷമായ ഹൈന്ദവ ജനത ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുതെന്ന് ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.