Kerala
നിയമനം റദ്ദാക്കിയ നടപടി; സുപ്രീം കോടതിയെ സമീപിച്ച് രേഖാരാജും എം ജി സര്‍വകലാശാലയും
രേഖാരാജിന്റെ നിയമനം റദ്ദാക്കി, റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹരജികളിലെ ആവശ്യം.
കോട്ടയം | എം ജി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള തന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ദളിത് ചിന്തക രേഖാരാജ് സുപ്രീം കോടതിയില്‍. ഇതേ ആവശ്യമുന്നയിച്ച് എം ജി സര്‍വകലാശാലയും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹരജികളിലെ ആവശ്യം.
രേഖാരാജിന്റെ നിയമനം റദ്ദാക്കി, റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് ഇതുവരെ സര്‍വകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിട്ടുണ്ട്. പി എച്ച് ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ലെന്നും റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖാരാജിന് നല്‍കിയെന്നുമാണ് നിഷയുടെ വാദം. ഓണാവധിക്ക് ശേഷം ഹരജി ഹൈക്കോടതി പരിഗണിച്ചേക്കും. ഇതിനിടെയാണ് രേഖാരാജും സര്‍വകലാശാലയും സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്.
പി എച്ച് ഡിക്ക് ലഭിക്കേണ്ട ആറുമാര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി നിഷ വേലപ്പന്‍ നായര്‍ക്ക് കണക്കാക്കിയിരുന്നില്ല. റിസര്‍ച്ച് പേപ്പറുകള്‍ക്ക് എട്ടു മാര്‍ക്കാണ് രേഖാരാജിന് നല്‍കിയത്. എന്നാല്‍, മൂന്നു മാര്‍ക്കിന് മാത്രമേ രേഖാരാജിന് യോഗ്യതയുള്ളൂവെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇതോടെയാണ് രേഖാരാജിന്റെ നിയമനം റദ്ദാക്കാനും പകരം നിഷ വേലപ്പന്‍ നായരെ നിയമിക്കാനും ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.