Connect with us

Repeals Farm Bills

അവിശ്വാസം മറികടക്കാൻ നടപടി അതിവേഗം

റദ്ദാക്കൽ ബില്ലിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകും. ശൈത്യകാല സമ്മേളനത്തിൽ പാസ്സാക്കും

Published

|

Last Updated

ന്യൂഡൽഹി | വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. കാർഷിക നിയമങ്ങൾ റദ്ദാക്കുന്ന ബില്ലിന് കേന്ദ്ര ക്യാബിനറ്റ് ബുധനാഴ്ച അംഗീകാരം നൽകിയേക്കും. പാർലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കും. നിയമം റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടനാ നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു.

കാർഷികോത്പന്ന വാണിജ്യ- വിപണന (പ്രോത്സാഹനവും സൗകര്യപ്പെടുത്തലും) നിയമം, വിലയുറപ്പാക്കലും കാർഷിക സേവനങ്ങളും സംബന്ധിച്ച കാർഷിക (ശാക്തീകരണ, സംരക്ഷണ) നിയമം, അവശ്യവസ്തു (ഭേദഗതി) നിയമം എന്നീ മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒറ്റ ബില്ലായിരിക്കും കൊണ്ടുവരിക. കർഷക പ്രക്ഷോഭം ഒരു വർഷം തികയ്ക്കാനിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ മുതൽ ഡൽഹി അതിർത്തികളിൽ കർഷക സമരം തുടരുകയാണ്. ഈ മാസം 29നാണ് പാർലിമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്.

മടക്കം റദ്ദാക്കിയ ശേഷം

ന്യൂഡൽഹി | കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോഴും പ്രക്ഷോഭം തുടരാൻ സംയുക്ത കിസാൻ മോർച്ച (എസ് കെ എം) യോഗത്തിൽ തീരുമാനം. നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ലിന് പാർലിമെന്റ്അംഗീകാരം നൽകുന്നത് വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ യോഗത്തിൽ ധാരണയായത്.

പരിഗണിക്കേണ്ട പ്രധാന കാർഷിക പ്രശ്‌നങ്ങൾ ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്ത് നൽകും. താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരിക, സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, ലഖിംപൂർ കർഷകക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ ഉയർത്തുമെന്ന് കർഷക നേതാവ് ബൽബീർ സിംഗ് രജേവാൾ പറഞ്ഞു.

ഈ കത്ത് പുറത്തിറക്കിയതിന് ശേഷം ഈ മാസം 27ന് വീണ്ടും യോഗം ചേരും. ഈ യോഗത്തിലായിരിക്കും തുടർ സമരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. ഈ മാസം അവസാനം നടക്കുന്ന പാർലിമെന്റ് മാർച്ച് നേരത്തേ തീരുമാനിച്ചത് പ്രകാരം നടക്കും. ഇന്ന് ലക്‌നോവിൽ മഹാ പഞ്ചായത്ത് ചേരും.

കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 26ന് സംഘടിപ്പിക്കുന്ന വിവിധ സമരപരിപാടികളിൽ പങ്കെടുക്കാൻ യോഗം കർഷകരോട് ആഹ്വാനം ചെയ്തു. സംസ്ഥാന തലസ്ഥാനങ്ങളിൽ ട്രാക്ടർ റാലികൾ സംഘടിപ്പിക്കും. ശൈത്യകാല സമ്മേളനം തുടങ്ങുന്ന 29 മുതൽ പാർലിമെന്റിലേക്ക് നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രതിദിനം അഞ്ഞൂറ് കർഷകർ പങ്കെടുക്കും. സമരം അവസാനിപ്പിക്കാൻ കർഷക നേതാക്കളുമായി ചർച്ചക്ക് തയ്യാറാണെന്ന് അനൗദ്യോഗികമായി അറിയിച്ചതായാണ് റിപ്പോർട്ട്.

Latest