Connect with us

Articles

വേവലാതിയല്ല, നടപടികളാണാവശ്യം

പോലീസിലെ സംഘ്പരിവാര്‍ സ്വാധീനത്തിനും പ്രത്യേക സംഘമായി ചേര്‍ന്നുകൊണ്ടുള്ള ഹിന്ദുത്വ നീക്കങ്ങള്‍ക്കും തടയിടാന്‍ സി പി എമ്മിന് കഴിയില്ലെങ്കില്‍ പിന്നെയാര്‍ക്കാണ് സാധിക്കുക? കേരള പോലീസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പുറത്തുവരുന്നതിനെ ഭയപ്പെട്ടിട്ട് കാര്യമില്ല. ചെയ്യേണ്ടത് ഇനിയെങ്കിലും നടപടികള്‍ സ്വീകരിക്കുക എന്നതാണ്.

Published

|

Last Updated

കേരള പോലീസിലെ ആര്‍ എസ് എസ് സ്വാധീനത്തെ കുറിച്ച് കാലങ്ങളായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ബി ജെ പിക്കും ആര്‍ എസ് എസിനും അനുകൂലമായി പോലീസ് നടപടികള്‍ തുടരുന്നതിന് പിന്നില്‍ പോലീസിലെ സംഘ്പരിവാര സ്ലീപ്പര്‍ സെല്ലുകളാണെന്ന് സി പി എമ്മില്‍ നിന്ന് തന്നെ മുമ്പ് ആരോപണമുയര്‍ന്നിട്ടുണ്ട്. പി വി അന്‍വര്‍ എം എല്‍ എയുടെ വെളിപ്പെടുത്തലോട് കൂടി ഇതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുവെന്ന് മാത്രം.

പാലക്കാട് ആര്‍ എസ് എസിന്റെ ഉന്നത നേതൃ യോഗത്തില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ പങ്കെടുത്ത് അഭിവാദ്യം അര്‍പ്പിച്ചു എന്ന വിവരമാണ് അന്‍വര്‍ അവസാനം പുറത്തുവിട്ടിരിക്കുന്നത്. ബി ജെ പിക്കു വേണ്ടി തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും എ ഡി ജി പി അജിത് കുമാറാണെന്ന് അദ്ദേഹം പറയുന്നു.

ഏതാനും വര്‍ഷങ്ങളിലെ കേരള പോലീസിന്റെ നീക്കങ്ങളും നടപടികളും പരിശോധിച്ചാല്‍ സംഘ്പരിവാരം സൃഷ്ടിച്ചെടുത്ത, ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് കേരള പോലീസ് ചാടി വീണിരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി കാണാന്‍ സാധിക്കും. കേരളത്തിലെ മുന്‍ ഡി ജി പിമാരായിരുന്ന ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ അവരുടെയുള്ളിലെ ഹിന്ദുത്വ നിലപാടുകള്‍ പരസ്യമായി തുറന്നുപറഞ്ഞ് ബി ജെ പിയുടെ ഭാഗമായത് സംഘ്പരിവാരം പോലീസില്‍ പിടിമുറുക്കിയതിന് തെളിവുകളായിരുന്നു.

തൃശൂരിലെ പോലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ ജി സുരേഷ് രാജ് പുരോഹിത് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ ആരംഭത്തില്‍ തന്നെ പുറത്തുവന്ന സംഭവം. കേരള പോലീസിനുള്ളില്‍ ആര്‍ എസ് എസ് അനുഭാവികളുടെ ‘സ്ലീപ്പര്‍’ സെല്‍ പ്രവര്‍ത്തിക്കുന്നതായും 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന ഇവരുടെ പഠന ശിബിരത്തില്‍ വെച്ച് പോലീസിനുള്ളിലെ സംഘ്പരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും സി പി എമ്മിന്റെ കൈരളി ചാനല്‍ തന്നെ റിപോര്‍ട്ട് ചെയ്തിരുന്നു. പോലീസ് സേനയിലെ 27 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗത്തില്‍ ‘തത്ത്വമസി’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് എല്ലാ മാസവും യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ക്രൈം ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇതിനുത്തരവാദപ്പെടുത്തിയതായും കൈരളി റിപോര്‍ട്ടിലുണ്ടായിരുന്നു.

കേരള പോലീസില്‍ ആര്‍ എസ് എസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് പോലീസിന്റെ പല നടപടികളുമെന്നും ആനി രാജ തുറന്നടിച്ചിരുന്നത് ഈ സാഹചര്യത്തിലാണ്. കേരള പോലീസില്‍ ആര്‍ എസ് എസ് സഹയാത്രികരുണ്ടെന്നും അവരുടെ സംഘ്പരിവാര്‍ താത്പര്യങ്ങള്‍ക്ക് തങ്ങള്‍ ഇരകളാകുകയാണെന്നും തുറന്നുപറഞ്ഞുകൊണ്ട് അനേകം പേര്‍ ഇക്കാലങ്ങളില്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

ബി ജെ പിയും ആര്‍ എസ് എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ തെളിവുകളുണ്ടായിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല എന്നതായിരുന്നു പോലീസിന് നേരെ ഉയര്‍ന്നിരുന്ന മുഖ്യ പരാതി. ശബരിമല വിവാദ കാലത്തും പോലീസിന്റെ സംഘ്പരിവാര്‍ അനുകൂല നയം വ്യക്തമായിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂലമായ സര്‍ക്കാര്‍ നിലപാട് നടപ്പാക്കാന്‍ പോലീസ് സന്നദ്ധമല്ലാതിരുന്നത് നിരവധി ഘട്ടങ്ങളില്‍ പ്രകടമായിരുന്നു. ശബരിമല പ്രവേശനത്തിനായി യുവതികള്‍ എത്തിയപ്പോള്‍ വിവരം മറ്റുള്ളവര്‍ക്ക് മുമ്പേ ആര്‍ എസ് എസുകാര്‍ അറിഞ്ഞത് പോലീസ് വഴിയാണെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ശബരിമല സന്നിധാനത്ത് വെച്ച് ആര്‍ എസ് എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്ക് പോലീസ് മൈക്ക് പിടിച്ചുകൊടുത്തതും ശബരിമല വിഷയത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ കൂറ് വ്യക്തമാക്കുന്നതായിരുന്നു. ശബരിമല പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി അക്രമങ്ങള്‍ നടത്തിയ സംഘ്പരിവാര്‍ ഗുണ്ടകളെ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനും പോലീസിന് സാധിക്കുമായിരുന്നിട്ടും അതിന് തയ്യാറായില്ല.

കോഴിക്കോട് മിഠായിത്തെരുവില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളെ പ്രതിരോധിക്കാന്‍ മേലുദ്യോഗസ്ഥര്‍ ബോധപൂര്‍വം അനുവദിച്ചില്ല എന്ന് നവമാധ്യമങ്ങളില്‍ തുറന്നെഴുതിയ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് പിന്നീട് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയാണുണ്ടായത്. പോലീസിലെ സംഘ്പരിവാര്‍ സ്വാധീനത്തിനും പ്രത്യേക സംഘമായി ചേര്‍ന്നുകൊണ്ടുള്ള ഹിന്ദുത്വ നീക്കങ്ങള്‍ക്കും തടയിടാന്‍ സി പി എമ്മിന് കഴിയില്ലെങ്കില്‍ പിന്നെയാര്‍ക്കാണ് സാധിക്കുക?

ബി ജെ പിയോ ആര്‍ എസ് എസോ പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാല്‍ പോലും പോലീസിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകാറില്ല. അതേസമയം, സംഘ്പരിവാറിനെതിരെ നിലപാടുകള്‍ സ്വീകരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ന്യൂനപക്ഷ സംഘടനാ പ്രവര്‍ത്തകര്‍, ഇടതുപക്ഷ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാമെതിരെ ബി ജെ പി നല്‍കുന്ന പരാതികളില്‍ പോലീസ് കൃത്യമായ നടപടികള്‍ സ്വീകരിക്കാറുമുണ്ട്. പല സ്റ്റേഷനുകളിലെയും ക്രമസമാധാന ചുമതലയിലുള്ള സി ഐമാരും എസ് ഐമാരും കടുത്ത സംഘ്പരിവാര്‍ അനുകൂലികളാണെന്ന് 2016ല്‍ സി പി എം സെക്രട്ടേറിയറ്റ് വിമര്‍ശനമുന്നയിച്ചിരുന്നു.

ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, ഇന്റലിജന്‍സും ഇതേ കണ്ടെത്തലുകള്‍ മുന്നോട്ടുവെച്ചിരുന്നു. പോലീസിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ സേനക്കുള്ളിലെ സംഘ്പരിവാര്‍ അനുകൂലികളായ പോലീസുകാര്‍ക്ക് മുഖ്യ പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിന് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നും 2016ല്‍ ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപോര്‍ട്ട് നല്‍കിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളടക്കം പോലീസ് സേനയിലെ ഒട്ടേറെ രഹസ്യങ്ങള്‍ പോലീസിലെ ആര്‍ എസ് എസ് വിംഗ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും അന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘ്പരിവാര്‍ അനുഭാവികളായ പോലീസുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് മേധാവികളോട് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കുകയുമുണ്ടായി. എന്നാല്‍ ഇതിന്മേല്‍ നടപടികളൊന്നും പിന്നീട് കണ്ടില്ല.

മലപ്പുറം എസ് പി സുജിത്ത് ദാസിന് സംഘ്പരിവാര ബന്ധമുണ്ടെന്നതിന് തെളിവുകള്‍ മുസ്ലിം ലീഗ് നേരത്തേ പുറത്തുവിട്ടിരുന്നു. ഇടതുപക്ഷത്തെ മന്ത്രിമാരുടെ ഫോണ്‍ കോള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നുണ്ടെന്ന് പറഞ്ഞത് ഈ സുജിത്ത് ദാസ് തന്നെയാണ്. ഇപ്പോള്‍ അത് ചെയ്ത പോലീസുകാരും കുറ്റം സമ്മതിച്ചു. അത് ആര്‍ക്കുവേണ്ടി ചോര്‍ത്തുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരള പോലീസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പുറത്തുവരുന്നതിനെ മുഖ്യമന്ത്രി ഭയപ്പെട്ടിട്ട് കാര്യമില്ല. അത് തന്റെ പിടിപ്പുകേടായി വിലയിരുത്തപ്പെടുമെന്ന വേവലാതിയിലും കാര്യമില്ല. ചെയ്യേണ്ടത് ഇനിയെങ്കിലും നടപടികള്‍ സ്വീകരിക്കുക എന്നതാണ്.