Kerala
റോബിന്‍ ബസിനെതിരെ ഇന്നും നടപടി; പെര്‍മിറ്റ് ലംഘനത്തിന് കേസ്, പിഴ
പിഴയീടാക്കിയത് 7,500 രൂപ. നാളെയും പരിശോധന നടത്തുമെന്ന് എം വി ഡി.

തൊടുപുഴ | റോബിന്‍ ബസിന് ഇന്നും നടപടി. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധനയില്‍ ബസിനെതിരെ കേസെടുത്തു. 7,500 രൂപ പിഴയീടാക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പാണ് (എം വി ഡി) നടപടി സ്വീകരിച്ചത്. തൊടുപുഴയില്‍ നാളെയും പരിശോധന നടത്തുമെന്ന് എം വി ഡി അറിയിച്ചു.
പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടിലോടാന്‍ ബസിന് പെര്‍മിറ്റില്ല. തൃശൂര്‍-കോയമ്പത്തൂര്‍ റൂട്ടിലോടാനാണ് പെര്‍മിറ്റുള്ളത്. സംസ്ഥാനത്ത് ഇന്നലെ അഞ്ചു തവണ മോട്ടോര്‍ വാഹനവകുപ്പ് റോബിന്‍ ബസിനെ തടയുകയും വിവിധ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 37,500 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
നിയമലംഘനത്തിന്റെ പേരില്‍ തമിഴ്നാട്ടിലും ബസിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസിനാണ് പിഴയിട്ടത്. അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിന് ചാവടി ചെക്ക് പോസ്റ്റില്‍ വച്ച് ബസിന് 70,410 രൂപയാണ് പിഴ ചുമത്തിയത്.