From the print
വിഭാഗീയതയിൽ നടപടി; സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
താത്കാലിക മാറ്റിനിർത്തലെന്ന് സൂസൻ കോടി

കൊല്ലം | വിഭാഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സി പി എം. കരുനാഗപ്പള്ളി വിഭാഗീയതയിൽ പങ്കുണ്ടെന്ന് കരുതുന്ന സി പി എമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുള്ള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയിൽ പാർട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്. പാർട്ടിയെ തകർക്കുന്ന വിഭാഗീയതയെ തുടർന്ന് സി പി എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.
കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടന്നത്. സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യമുണ്ടായിരുന്നില്ല. കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളിലേക്ക് സംസ്ഥാന നേതൃത്വം കടക്കുമെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ, ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സൂസൻ കോടി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ലെന്നായിരുന്നു ഉയർന്ന വിമർശം.
അതേസമയം, സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തന്നെ പുറത്താക്കിയതല്ല താത്കാലികമായി മാറ്റിനിർത്തുന്നുവെന്നാണ് പാർട്ടി നേതൃത്വം പറഞ്ഞിട്ടുള്ളതെന്ന് സൂസൻ കോടി പ്രതികരിച്ചു. കരുനാഗപ്പള്ളിയിൽ ചില വിഷയങ്ങൾ ഉള്ളതിനാൽ അവിടെ നിന്നുള്ള ആരെയും ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തിയിരുന്നില്ല. മഹിളാ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഇപ്പോഴും തുടരുന്ന വ്യക്തിയാണ് താൻ.
സംസ്ഥാന സമിതി തന്നെ അഖിലേന്ത്യാ പ്രസിഡന്റും ആക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ഒരു താത്കാലികമായ നടപടി ആയി കണ്ടാൽ മതിയെന്ന് സൂസൻ കോടി വ്യക്തമാക്കി.