Kerala
ഡോക്ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടി: ഓഗസ്റ്റ് 31ന് പ്രതിഷേധ ദിനം
നീതി നിഷേധങ്ങള്‍ക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യര്‍ത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് തീരുമാനം

തിരുവനന്തപുരം| കൊവിഡ് പോരാട്ടത്തിനിടയിലും ഡോക്ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
രോഗീപരിചരണത്തെ ബാധിക്കാത്ത രീതിയില്‍ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കും. അതിനുപുറമെ അന്നേ ദിവസം എല്ലാ ജില്ല ആസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉച്ചക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ കെ ജി എം ഒ എ യുടെ നേതൃത്വത്തില്‍ ധര്‍ണ്ണയും നടക്കും. നീതി നിഷേധങ്ങള്‍ക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യര്‍ത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പരസ്യ പ്രതികരണത്തിന് നിര്‍ബന്ധിതരാവുകയാണെന്ന് അസോസിയേഷന്‍ പറഞ്ഞു.