Connect with us

Kerala

മല്ലു ഹിന്ദു ഗ്രൂപ്പിലും ഐ എ എസ് ചേരിപ്പോരിലും നടപടി; കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി.

Published

|

Last Updated

തിരുവനന്തപുരം | മലയാളി ഹിന്ദു ഐ എ എസ് ഓഫീസര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലും ഐ എ എസ് ചേരിപ്പോരിലും കടുത്ത നടപടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്തു. മല്ലു ഹിന്ദു ഓഫീസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചതിലാണ് കെ ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തത്. അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ നടപടിയെടുത്തത്.

ഇരുവര്‍ക്കുമെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശിപാര്‍ശ ചെയ്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പേ നടപടിയുണ്ടായി എന്നത് ശ്രദ്ധേയമാണ്. ഗോപാലകൃഷ്ണനെ സസ്പെന്‍ഷനില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ സമ്മര്‍ദമുണ്ടായിരുന്നു. ഇത് ഗൗനിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുവര്‍ക്കുമെിതരെ നടപടിയെടുത്തത്.

ഹിന്ദു, മുസ്ലിം മതവിഭാഗത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ഹാക്കിംഗ് ആണെന്നുമുള്ള ഗോപാലകൃഷ്ണന്റെ മറുപടി തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് ഉചിതമായ നടപടിക്ക് മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തത്. ഗോപാലകൃഷ്ണനാണ് മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന് സംസ്ഥാന പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ശിപാര്‍ശ. ഫോണ്‍ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ അവകാശവാദം തള്ളുന്ന റിപോര്‍ട്ട് ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് മെറ്റയും ഗൂഗിളും സൈബര്‍ പോലീസിനെ അറിയിച്ചിരുന്നു.

ഐ എ എസ് ചേരിപ്പോരില്‍ എന്‍ പ്രശാന്ത് ചട്ടലംഘനം നടത്തിയെന്നും പരസ്യ വിമര്‍ശം നടത്തുന്നതായും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയ വസ്തുതാ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ വിമര്‍ശനം ചട്ടലംഘനമാണെന്നും ഇതിനാല്‍ വിശദീകരണം തേടാതെ തന്നെ നടപടിയെടുക്കാമെന്നുമാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് വിശദീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ എന്‍ പ്രശാന്തില്‍ നിന്ന് വിശദീകരണം തേടേണ്ട ആവശ്യം പോലുമില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പ്രശാന്തിന്റെ വിമര്‍ശം പൊതുസമൂഹത്തിനു മുന്നിലുള്ളതാണെന്നാണ് ഇതിന് ന്യായമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

 

Latest