feature
എഴുത്തിലെ ആക്ടിവിസം
അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ The Ministry of Utmost Happiness ആദ്യനോവൽ പ്രസിദ്ധീകരിച്ച് ഇരുപത് വർഷത്തിനു ശേഷം 2017 ലാണ് വെളിച്ചം കണ്ടത്. ഇതിന്റെ പ്രമേയവും സങ്കീർണമായ ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങൾ തന്നെയാണ്.

സമകാലിക ഇന്ത്യൻ സാഹിത്യത്തിന്റെ മുൻനിരയിലാണ് അരുന്ധതി റോയിയുടെ സ്ഥാനം. 1997ൽ ബുക്കർ പ്രൈസ് നേടി ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തെ അന്തർദേശീയ പ്രശസ്തിയിലേക്കുയർത്തിയത് ഈ എഴുത്തുകാരിയാണ്. അതേസമയം, എഴുത്തിന്റെ ഭൂമികയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല അരുന്ധതിയുടെ പ്രവർത്തനമേഖല. സമകാലിക ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടനവധി പ്രശ്നങ്ങൾക്കെതിരെ പ്രത്യക്ഷസമരം നയിക്കുന്ന ആക്ടിവിസ്റ്റ് കൂടിയാണ് അവർ. ഈ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒട്ടനവധി പുസ്തകങ്ങളും അവർ എഴുതിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തനങ്ങളിലും അരുന്ധതിയുടെ പേര് സജീവമായി കേൾക്കാം.
മേഘാലയയിലെ ഷില്ലോംഗിൽ 1961 നവംബർ 24 നാണ് അരുന്ധതി റോയ് ജനിച്ചത്. അച്ഛൻ റജീബ് റോയ് കൊൽക്കത്തയിലെ ഒരു തേയിലത്തോട്ടത്തിന്റെ മാനേജരായിരുന്നു. മലയാളിയായ അമ്മ, മേരി റോയ് സാമൂഹിക പ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്നു. അരുന്ധതിയുടെ നന്നേ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. തുടർന്ന് കുറച്ചുകാലം ഊട്ടിയിലെ ഒരു ബന്ധുവിനൊപ്പം കഴിഞ്ഞ ശേഷം അമ്മക്കും സഹോദരനുമൊപ്പം അവർ കേരളത്തിലെത്തി. കോട്ടയത്ത് പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ചശേഷം അവർ ന്യൂഡൽഹിയിലെ സ്‌കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിൽ ചേർന്നു. അവിടെവെച്ച് പ്രശസ്തനായ ഒരു ആർക്കിടെക്റ്റിനെ വിവാഹം കഴിച്ചെങ്കിലും നാല് വർഷത്തിനുശേഷം വേർപിരിഞ്ഞു. സ്വതന്ത്രചിന്തയ്‌ക്കൊപ്പം കറകളഞ്ഞ പരിസ്ഥിതിബോധവും ഉന്നതമായ മാനവികതാവാദവും അവരുടെ വ്യക്തിത്വത്തിന്റെ പ്രധാന സവിശേഷതകളാണ്. ചില ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും ഒപ്പം നിരവധി ടിവി ഫിലിമുകൾക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട് അവർ.
എഴുത്തുകാരി എന്ന നിലയിൽ അരുന്ധതി റോയിയെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയാക്കിയത് 1997ൽ പ്രസിദ്ധീകരിച്ച The God of Small Things എന്ന നോവലാണ്. ആ വർഷത്തെ ഇന്റർനാഷണൽ മാൻ ബുക്കർ പ്രൈസ് നേടിയ ഈ നോവൽ മലയാളമുൾപ്പെടെ നാൽപ്പതിലധികം ഭാഷകളിലായി എട്ട് ദശലക്ഷം കോപ്പികൾ വഴി ലോകം മുഴുവൻ വായിക്കപ്പെടുകയും ഇന്റർനാഷനൽ ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിൽ വളരെ വേഗം ഇടം പിടിക്കുകയും ചെയ്തു. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തെ മധ്യകേരളത്തിലെ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ഒരു കുടുംബത്തിന്റെ ദൈനംദിന ജീവിത ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നു ഈ നോവൽ.
ഭാഷയിലും ആഖ്യാനത്തിലും എഴുത്തുകാരി പുലർത്തുന്ന പുതുമയാണ് ഈ രചനയുടെ സവിശേഷതകളിലൊന്ന്. ഇംഗ്ലീഷ് ഭാഷയുടെ കുസൃതി നിറഞ്ഞ സാധ്യതകളെ സന്ദർഭാനുസരണം ഉപയോഗിച്ചിരിക്കുന്നത് കൗതുകമുള്ള വായനക്ക് വഴിയൊരുക്കുന്നു. അതോടൊപ്പം സംഗീതാത്മകവും വികാരസാന്ദ്രവുമാണ് അവരുടെ ഭാഷ എന്നതും ശ്രദ്ധേയമാണ്. അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ The Ministry of Utmost Happiness ആദ്യനോവൽ പ്രസിദ്ധീകരിച്ച് ഇരുപത് വർഷത്തിനു ശേഷം 2017 ലാണ് വെളിച്ചം കണ്ടത്. ഇതിന്റെ പ്രമേയവും സങ്കീർണമായ ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങൾ തന്നെയാണ്. വർഷങ്ങൾ നീണ്ടുകിടക്കുന്ന ഇതിന്റെ പശ്ചാത്തലം പ്രധാനമായും ഡൽഹിയും കശ്മീരുമാണ്. നോൺ ഫിക്്ഷൻ വിഭാഗത്തിൽ The End of Imagination, Capitalism – A Ghost Story, The Doctor and The Saint, Broken Republic, Public Power in the Age of Empire, Walking with the Comrades എന്നിവ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്.
സമകാലിക ഇന്ത്യ അഭിമുഖീകരിക്കുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങളെയും ഇവയിലും ചർച്ച ചെയ്യുന്നുണ്ട്. അരുന്ധതി റോയിയെ മിക്ക നിരൂപകരും എഴുത്തുകാരും വിലയിരുത്തുന്നത് എഴുത്തുകാരി എന്നതിനു മപ്പുറം ആക്ടിവിസ്റ്റ് എന്ന നിലയിലാണ്. രണ്ട് പ്രധാന നോവലുകൾ ഒഴിച്ചുനിർത്തിയാൽ ഫിക്ഷൻ വിഭാഗത്തിലുള്ള അവരുടെ സംഭാവനകൾ വളരെ കുറവാണ്. അതേസമയം, നോൺ ഫിക്ഷൻ മേഖലയിൽ അവർ ഏറെ മുന്നേറിയിട്ടുമുണ്ട്. എങ്കിലും ആദ്യനോവലിലൂടെത്തന്നെ അന്താരാഷ്ട്ര പ്രശസ്തി നേടിയതുകൊണ്ടുതന്നെ നോവലിസ്റ്റ് എന്ന നിലയിലും അരുന്ധതി റോയിക്ക് ഇന്ത്യൻ സാഹിത്യ ഭൂമികയിൽ ഭദ്രമായൊരു സ്ഥാനമുണ്ടെന്നുതന്നെ കാണാം.
ലോകത്തെ സ്വാധീനിച്ച നൂറ് പ്രമുഖ വ്യക്തികളിൽ ഒരാളായാണ് അരുന്ധതി റോയിയെ വിഖ്യാതമായ ടൈം മാഗസിൻ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന്റെ പൊതു ധാരയിൽനിന്നും ഏറെ അകലത്തിൽ കഴിഞ്ഞുകൂടുന്ന ദളിത് ആദിവാസി പിന്നാക്ക ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളിൽ ബദ്ധശ്രദ്ധയാണ് ഈ എഴുത്തുകാരി. അവർക്കുവേണ്ടി ഇവർ നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും പോരാടുകയും ചെയ്യുന്നു. ലോകത്തിന്റെ മനസ്സാക്ഷിയെ ഇവരുടെ പ്രശ്നങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ അവർ വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, അധികാരികളുടെ വിലക്കുകളും വിലങ്ങുകളും ഈ എഴുത്തുകാരിയെ തളർത്തുന്നില്ല . ജനാധിപത്യ പ്രക്രിയയിൽ ഒരു പൗരന് ആവശ്യം വേണ്ടത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നും അത് നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുക തന്റെ കർത്തവ്യമാണെന്നും അവർ ഉദ്‌ഘോഷിക്കുന്നു. അതിനുവേണ്ടി തന്റെ ധിഷണയെ ഉപയോഗിക്കാൻ മടിയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു അവരുടെ ഓരോ രചനയും.