National
നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി
ജാമ്യം അനുവദിച്ച ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് നടനെ ജയിലിലേക്ക് മാറ്റുകയായിരുന്നു
ഹൈദരാബാദ് | തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ സിനിമാതാരം അല്ലു അര്‍ജുന്‍ ഒരു രാത്രിയിലെ ജയില്‍ വാസത്തിനു ശേഷം ചഞ്ചല്‍ ഗുഡ ജയിലില്‍ നിന്ന് അതിരാവിലെ പുറത്തിറങ്ങി. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് നടനെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് പകര്‍പ്പ് ലഭിതോടെയാണ് അല്ലുവിന് പുറത്തിറങ്ങാനായത്. ജയിലിന്റെ പിന്‍ഗേറ്റ് വഴിയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ജനവികാരം കണക്കിലെടുത്താണ് പിന്‍വാതില്‍ വഴി ഇറങ്ങാന്‍ വഴിയൊരുക്കിയത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്് അറസ്റ്റിലായ താരത്തെ ഹൈദരാബാദിലെ നാമ്പള്ളി മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വൈകീട്ടോടെ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി.
അല്ലു അര്‍ജുന്റെ അറസ്റ്റില്‍ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മ രംഗത്തെത്തിയിരുന്നു. തെലങ്കാനയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അല്ലു അര്‍ജുന്റെ അറസ്റ്റില്‍ തെലങ്കാന രാഷ്ട്രീയവും സിനിമാ രംഗവും പുകഞ്ഞു. സര്‍ക്കാര്‍ നടപടിക്കെതിരെ ബി ആര്‍ എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
അല്ലു അര്‍ജുന്റെ മനുഷ്യാവകാശത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. മരിച്ച സ്ത്രീക്ക് മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നില്ലേയെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. അവരുടെ മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. അതേക്കുറിച്ച് ആരും സംസാരിക്കാത്തത് എന്താണെന്നും രേവന്ത് റെഡ്ഡി ചോദിച്ചിരുന്നു. അല്ലു നായകനായ പുഷ്പ 2 സിനിമയുടെ റിലീസിനിടെയാണ് അപകടമുണ്ടായത്.