kottayam pradeep
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
നൂറോളം സിനിമകളിൽ അഭിനയിച്ചു.
കോട്ടയം | പ്രശസ്ത സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപ് ( 61) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലിന് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൻ്റെ സമീപം താമസിക്കുന്ന അദ്ദേഹം എൽ ഐ സി ഉദ്യോഗസ്ഥൻ കൂടിയായിരുന്നു.
പ്രത്യേക സംസാര രീതികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത താരം ഒട്ടേറെ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ്, ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ (2001) എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
തമിഴ് സിനിമയിൽ അടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വിണ്ണൈത്താണ്ടി വരുവായ, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചു. ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ.
നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.