mamukkoya
നടൻ മാമുക്കോയക്ക് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തിൽ
72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു.

കോഴിക്കോട് | മലപ്പുറത്തെ കാളികാവിൽ വെച്ച് നടൻ മാമുക്കോയക്ക് ഹൃദയാഘാതം. ഇന്നലെ രാത്രിയാണ് സംഭവം. മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു.
കാളികാവ് പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീണു. ഉടനെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. മെഡിക്കൽ ഐ സി യു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെയാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ വണ്ടൂരിൽ എത്തിയിരുന്നു.