Connect with us

Kerala

ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീംകോടതിയില്‍ ഹരജി നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം

Published

|

Last Updated

കൊച്ചി |  ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിറകെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ പ്രധാന റിസോര്‍ട്ടുകളിലൂം സ്റ്റാര്‍ ഹോട്ടലുകളിലും സിദ്ദിഖിനായി പോലീസ് തിരച്ചില്‍ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുന്‍പില്‍ ആണ് കാര്‍ കണ്ടത്

 

അതേ സമയം അവസാന ശ്രമമെന്ന നിലയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതിയിലെ വിധിപ്പകര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കീഴടങ്ങാനുള്ള ആലോചനകളും ഇന്നലെ രാത്രി വൈകി നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീംകോടതിയില്‍ ഹരജി നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്. സിദ്ദിഖിന്റെ മകന്‍ രാത്രി വൈകിയും കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.