oscar award
നടന്‍ വില്‍ സ്മിത്തിന് പത്ത് വര്‍ഷത്തെ വിലക്ക്
ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് ഉള്‍പ്പെടെ ഒരു അക്കാഡമി പരിപാടികളിലും പങ്കെടുപ്പിക്കില്ല
ലോസ് ഏഞ്ചല്‍സ് | ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങില്‍ അവതാരകനെ തല്ലിയതിന് നടന്‍ വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടി. പത്ത് വര്‍ഷത്തേക്ക് ഓസ്‌കര്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കാഡമി പരിപാടികളില്‍ നിന്നും വിലക്കി. അവതാരകനും നടനുമായ ക്രിസ് റോക്ക് ഭാര്യയോ അപമാനിച്ചെന്ന് കളിയാക്കിയാണ് വില്‍ സ്മിത്ത് മര്‍ദിച്ചത്. എന്നാല്‍ വില്‍ സ്മിത്തിന്റെ ഭാഗത്ത്് നിന്നുണ്ടായത് അസ്വീകാര്യമായ പെരുമാറ്റമാണെന്ന് ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം വിലയിരുത്തി.
അക്കാഡമി പ്രസിഡന്റ് ഡേവിഡ് റൂബിനും സി ഇ ഒ ഡോണ്‍ ഹഡ്സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു. തന്റെ പ്രവൃത്തിയില്‍ മാപ്പ് പറഞ്ഞ സ്മിത്ത് നേരത്തെ അക്കാഡമിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. 94-ാമത് ഓസ്‌കാര്‍ അവാര്‍ഡ് വിതരണ വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
മുടികൊഴിച്ചില്‍ അവസ്ഥയായ ‘അലോപ്പീസിയയുടെ’ ഫലമായി മൊട്ടയടിച്ച ഭാര്യയുടെ തലയെക്കുറിച്ച് തമാശ പറഞ്ഞതിനാണ് താരം റോക്കിനെ അടിച്ചത്. സംഭവ ശേഷമായിരുന്നു വില്‍ സ്മിത്തിനെ മികച്ച നടനായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ടെന്നീസ് താരങ്ങളായ വീനസിന്റെയും സെറീന വില്യംസിന്റെയും പിതാവായി അഭിനയിച്ച ”കിംഗ് റിച്ചാര്‍ഡ്” എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.