Kerala
നടി അപര്‍ണയുടെ മരണം ആത്മഹത്യ; സ്ഥിരീകരിച്ച് പോലീസ്
ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും ആത്മഹത്യക്ക് കാരണം.
തിരുവനന്തപുരം | സിനിമ, സീരിയല്‍ നടി അപര്‍ണ പി നായരുടെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. എഫ് ഐ ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണ് ആത്മഹത്യക്കു കാരണമെന്നും പോലീസ് അറിയിച്ചു.
കൃത്യത്തിനു മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് സൂചന. ഭര്‍ത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണ താമസിച്ചിരുന്നത്. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജിവച്ചിരുന്നു.
അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു. അപര്‍ണക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസുള്ള മകളുണ്ട്. മാസങ്ങള്‍ക്ക് മുമ്പുതന്നെ അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് സഹോദരി പോലീസിന് മൊഴി നല്‍കിയതായും അറിയുന്നു.
ഇന്നലെ വൈകിട്ട് ഏഴോടെയാണ് തിരുവനന്തപുരം കരമനയിലെ വീടിനകത്ത് അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)