Kerala
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷനും ഹരജിയിലൂടെ ആവശ്യപ്പെട്ടിരുന്നു

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവാണ് ഹരജി പരിഗണിക്കുക.മെമ്മറി കാര്‍ഡ് മൂന്നുതവണ അനധികൃതമായി പരിശോധിച്ചതിന് കാരണമായ സാഹചര്യം സംബന്ധിച്ച് അന്വേഷണണം വേണമെന്നാണ് അതിജീവിത ഹരജിയില്‍ ആവശ്യപ്പെടുന്നത്.
മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷനും ഹരജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടെങ്കിലും അതിലെ ദൃശ്യങ്ങള്‍ക്ക് കേടുപാടില്ലെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലുണ്ടെന്നാണ് നടന്‍ ദിലീപിന്റെ വാദം. കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതനുവദിക്കരുതെന്നും നടന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെങ്കില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 425 പ്രകാരം കേസെടുക്കാനാവുമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയാകാത്തതിനാലാണ് ഹരജി ഇന്ന് പരിഗണിക്കുന്നതിനായി മാറ്റിവച്ചത്.