Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. എന്നാല്‍ വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

അതേ സമയം കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

 

Latest