Kerala
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ അതിജീവിത ഉന്നയിച്ചിരുന്നു
കൊച്ചി | നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ അതിജീവിത ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം.
എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹരജിയില്‍ അതിജീവിത കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുക.ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.