Kerala
നടിയെ ആക്രമിച്ച കേസ്: മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹരജി നല്‍കി അതിജീവിത
കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിത വിചാരണ കോടതിയില്‍ ഹരജി നല്‍കിയത്.

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹരജി നല്‍കി. ഹരജി ഇന്ന് കോടതി പരിഗണിച്ചേക്കും. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിത വിചാരണ കോടതിയില്‍ ഹരജി നല്‍കിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹരജിയിലെ വാദം. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷിവിസ്താരം ഒരു മാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമണത്തിന് ഇരയായത്.
കേസില്‍ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചത്. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായില്ല. ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോടതിയിലെത്തിച്ച മെമ്മറി കാര്‍ഡ് തുറന്നതില്‍ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തന്റെ ജീവിതത്തെയാകെ ബാധിക്കും. അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ നടി ആവശ്യപ്പെടുന്നു.